മക്ക-മദീന ഹറമൈൻ ട്രെയിനുകളിൽ സീറ്റെണ്ണം വർധിപ്പിച്ചു; ട്രിപ്പുകൾ 3,410, സീറ്റുകൾ 16 ലക്ഷം
text_fieldsഹറമൈൻ ട്രെയിനുകൾ
ജിദ്ദ: റമദാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് പ്രമാണിച്ച് മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള റമദാനിലേക്കുള്ള പ്രവർത്തന തയാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സൗദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) അറിയിച്ചു. റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണിത്.
തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതൽ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണിതെന്ന് സൗദി റെയിൽവേ വ്യക്തമാക്കി. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ പ്രവർത്തിപ്പിക്കുന്ന സൗദി-സ്പാനിഷ് റെയിൽവേ കമ്പനിയുമായി സഹകരിച്ച് പ്രവർത്തന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ റമദാനിലെ ട്രിപ്പുകളുടെ എണ്ണം 3,410 ആയി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിലധികം വർധനവാണിത്.
പുണ്യമാസത്തിൽ ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ വലിയ ഡിമാൻഡിനൊപ്പം സഞ്ചരിക്കാനുള്ള ശേഷി ഇത് വർധിപ്പിക്കുന്നു. റമദാനിലെ ആദ്യ ആഴ്ചയിൽ പ്രതിദിനം നൂറ് ട്രിപ്പുകൾ നടത്തും. റമദാൻ 14ഓടെ ഇത് ക്രമേണ പ്രതിദിനം 120 ട്രിപ്പുകളാക്കി വർധിപ്പിക്കും. പുണ്യനഗരങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ പ്രതിദിനം 130 വരെ ട്രിപ്പുകളായി ഉയരും.
തീർഥാടകരുടെ യാത്രകളിൽ കൂടുതൽ വഴക്കം ഉറപ്പാക്കാനാണിത്. തീർഥാടകർക്ക് എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും കർമങ്ങൾ നിർവഹിക്കുന്നതിന് പ്രാപ്തരാക്കുന്ന തരത്തിൽ നമസ്കാര സമയങ്ങൾക്കനുസൃതമായി സർവിസുകളുടെ സമയക്രമവും ക്രമീകരിച്ചിട്ടുണ്ടെന്ന് സൗദി റെയിൽവേ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 റെയിൽവേയിൽ ഒന്നാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സർവിസ്. മക്ക, ജിദ്ദ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 453 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈനിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ പ്രവർത്തിക്കുന്നു. തീർഥാടകർക്കും സന്ദർശകർക്കും ആധുനികവും വേഗത്തിലുള്ളതുമായ ഗതാഗത മാർഗങ്ങൾ ഇത് പ്രദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

