ഹറമൈൻ എക്സ്പ്രസ് ട്രെയിൻ: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പ്രതിദിനം 140 സർവിസുകൾ
text_fieldsറിയാദ്: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വൻ തിരക്ക് പരിഗണിച്ച് ഹറമൈൻ അതിവേഗ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ സൗദി റെയിൽവേ (സാർ) തീരുമാനിച്ചു. 1447ാമത് ഹിജ്റ വർഷത്തിലെ റമദാൻ പ്രവർത്തന പദ്ധതിയുടെ ഭാഗമായി പ്രതിദിന സർവിസുകളുടെ എണ്ണം 140ലധികമായി ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്കരിച്ച ഈ പദ്ധതിയിൽ സീസണിലുടനീളം ആകെ 3,600 സർവിസുകൾ ഉണ്ടാകും. ഏകദേശം 17 ലക്ഷത്തിലധികം സീറ്റുകളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ ഉചിതമായ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തിരക്കേറിയ ദിവസങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും സഹായിക്കും.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിലൊന്നായ ഹറമൈൻ ട്രെയിൻ, മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴിയാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും കൃത്യനിഷ്ഠയും ഉറപ്പാക്കുന്ന ഈ ട്രെയിനിൽ യാത്രക്കാർക്ക് സുഗമമായ യാത്രയ്ക്കായി മികച്ച ഇരിപ്പിടങ്ങളും സ്റ്റേഷനുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന ആവശ്യം മുൻകൂട്ടി കണ്ട് സുരക്ഷ മാനദണ്ഡങ്ങളിലും സേവന ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് സർവിസുകൾ വർധിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് ടീമുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും സൗദി റെയിൽവേ വ്യക്തമാക്കി.
സൗദി അറേബ്യയുടെ വിഷൻ 2030ന്റെയും ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിന്റെയും ഭാഗമായി തീർഥാടകർക്ക് ഏറ്റവും ആധുനികവും വിശ്വസനീയവുമായ യാത്രാ സൗകര്യം ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ‘സാർ’ ലക്ഷ്യമിടുന്നത്. പുണ്യനഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഗതാഗത ശൃംഖലയുടെ കരുത്ത് വർധിപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

