വേനൽകാല ഉല്ലാസത്തിന് വിരുന്നൊരുക്കി യാമ്പു തടാകം
text_fieldsയാമ്പു: വേനൽകാല ഉല്ലാസത്തിന് സന്ദർശകരെ ആകർഷിച്ച് യാമ്പു തടാകം. 39,904 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 4175 ക്യുബിക്ക് മീറ്റർ ജല സംഭരണശേഷിയുള്ള തടാകവും ഉല്ലാസദായകമായ പരിസരവും സന്ദർശകർക്ക് അവാച്യമായ അനുഭൂതി പകർന്നു തരുന്നു. യാമ്പുവിലെ ഈ പ്രകൃതി രമണീയമായ തടാകം കേവലം ഒരു ഉല്ലാസ കേന്ദ്രമായി മാത്രമല്ല യാമ്പു റോയൽ കമ്മീഷൻ അതോറിറ്റി സംവിധാനമൊരു ക്കിയിരിക്കുന്നത്. തടാകത്തിലുള്ള വിവിധ മത്സ്യങ്ങളെ സ്വതന്ത്രമായി ഇവിടെ വളരാൻ അനുവദിക്കുന്നതിലൂടെ കൊതുകുകളുടെ പ്രജനനത്തിന് തടയിടുകയും അധികൃതർ ലക്ഷ്യം വെക്കുന്നു. മീനുകൾ തടാകത്തിലെ കൊതുകുകളുടെ ലാർവ ഭക്ഷിക്കുമ്പോൾ പരിസരത്തുള്ള കൊതുകുകളുടെ വ്യാപനം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കുന്നു. പരിസ്ഥിതി സംരക്ഷണാർഥം തടാകത്തിലെ മത്സ്യങ്ങളെ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് എഴുതിയ പ്രത്യേക മുന്നറിയിപ്പ് പലകകൾ തടാകത്തിന് അടുത്തായി സ്ഥാപിച്ചിട്ടുണ്ട്.
മത്സ്യങ്ങൾ, ആമകൾ, പക്ഷികൾ എന്നിവയുടെ ആവാസ വ്യവസ്ഥക്കനുസരിച്ചുള്ള പരിസ്ഥിതി സംരക്ഷണ മേഖലകൂടിയാണിത്. നൂറുകണക്കിന് മരങ്ങളും കുറ്റിച്ചെടികളുമായി പച്ചവിരിച്ച മനോഹരമായ പരിസരം സഞ്ചാരികളെ ആകർഷിക്കുന്നു. തടാകത്തിനകത്ത് നാലു ജലധാരകളും കുറ്റിച്ചെടികൾ ഡിസൈൻ ചെയ്ത മേൽപ്പാലവുമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യങ്ങളും നമസ്കരിക്കാനുള്ള പ്രാർത്ഥനാഹാളും പാർക്കിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
