തിരികെ വരാത്ത കൈകൾ
text_fieldsമുഹമ്മദ് യൂനുസ്
ജിദ്ദ
പ്രവാസത്തിെൻറ ചൂടും പൊടിയും കണ്ണീരും സഹിച്ച് ജീവിതം പണിതുയർത്തിയ ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു. മരുഭൂമിയിലെ കത്തുന്ന സൂര്യനു കീഴിൽ വിയർപ്പൊഴുക്കി, സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് കുടുംബത്തിനും നാട്ടിനും വേണ്ടി ജീവിച്ചവർ. അവരിൽ പലർക്കും ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം സ്വന്തം ആളുകളോടൊപ്പം നല്ലൊരു കാര്യം ചെയ്യുക എന്നത്. ആ സമയത്താണ് ഒരു പ്രവാസി സംഘടനയുടെ മുൻനിര നേതാവായിരുന്ന ഒരാൾ അവരുടെ മുന്നിലേക്ക് ഒരു നിർദേശവുമായി വരുന്നത്. ‘നമുക്കൊരു കൺവെൻഷൻ സെൻറർ തുടങ്ങാം. ഇത് നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ്.
നമ്മുടെ തലമുറക്ക് അതൊരു അടയാളമാകും," എന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ. ആ വാക്കുകൾ കേട്ട് പലരും അദ്ദേഹത്തെ പൂർണമായി വിശ്വസിച്ചു. ചിലർ തങ്ങളുടെ പെൻഷൻ തുകയിൽ നിന്ന് പണം നൽകി. ചിലർ മക്കളുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന സമ്പാദ്യം എടുത്തു നൽകി. മറ്റു ചിലരാകട്ടെ, കടം വാങ്ങിപ്പോലും ഇതിനായി സഹായിച്ചു. കാരണം, അവർ പണത്തെയല്ല, ആ മനുഷ്യനെയായിരുന്നു വിശ്വസിച്ചത്. എന്നാൽ, കാലം കടന്നുപോയി. കൺവെൻഷൻ സെൻറർ എന്ന വലിയ സ്വപ്നം, ഒരു കെട്ടിടത്തിന് മുകളിൽ മേഞ്ഞ ചില ഷീറ്റുകളായി മാത്രം ഒടുങ്ങി. കൊടുത്ത പണം തിരികെ ചോദിച്ചവർക്ക് പരിഹാസവും അവഗണനയും മാത്രമാണ് പിന്നീട് ലഭിച്ചത്.
പക്ഷേ, ഈ കഥയിലെ ഏറ്റവും വലിയ ദുഃഖം പണം നഷ്ടപ്പെട്ടു എന്നതല്ല. ആ പണം നൽകിയവരിൽ പലരും ഇന്ന് ജീവനോടെയില്ല എന്നതാണ്. അവരിൽ ചിലർ തങ്ങളുടെ അവസാന നാളുകളിൽ പോലും, ‘നമ്മുടെ പണം തിരികെ കിട്ടുമോ?’ എന്ന് പ്രതീക്ഷയോടെ ചോദിച്ചിരുന്നു. ചിലർ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ആ പണത്തെക്കുറിച്ച് ആശങ്കപ്പെട്ടു. മറ്റു ചിലർ, ‘അത് നമ്മുടെ ചോരയും വിയർപ്പും ഒഴുക്കിയുണ്ടാക്കിയ പണമാണ്’ എന്ന് മക്കളോട് പറഞ്ഞുകൊണ്ടാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
ഇന്ന് അവരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുന്നു. വീടുകളിൽ അവരുടെ ചിത്രങ്ങൾ മാത്രം ബാക്കിയുണ്ട്. എന്നാൽ, മരണനേരത്ത് അവരുടെ ഹൃദയത്തിൽ ഉണ്ടായിരുന്ന ആ മുറിവും നിരാശയും ഇപ്പോഴും അവരുടെ കുടുംബങ്ങളുടെ മനസ്സിൽ നീറുന്ന ഓർമ്മയായി ജീവിക്കുന്നു. പണം നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടും സമ്പാദിക്കാം. പക്ഷേ, മരിച്ചുപോയ ഒരാളുടെ നഷ്ടപ്പെട്ട വിശ്വാസം തിരികെ കൊടുക്കാൻ ഈ ലോകത്ത് ആർക്കും കഴിയില്ല.പ്രവാസത്തിെൻറ ചൂടിൽ വറ്റിവരണ്ട ആ കൈകൾ ഇനി ഒരിക്കലും മടങ്ങിവരില്ല. എന്നാൽ അവർ വിശ്വസിച്ച് ഏൽപിച്ച പണത്തിെൻറ കഥ ഇന്നും ഇവിടെ അവശേഷിക്കുന്നു. ആ കഥ ജീവിച്ചിരിക്കുന്ന ഓരോരുത്തരോടും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ‘മനുഷ്യൻ സമ്പാദിക്കേണ്ടത് പണമാണോ, അതോ മറ്റുള്ളവരുടെ വിശ്വാസമാണോ?’ കാരണം, ഒരു മനുഷ്യൻ മരിച്ച ശേഷം അവെൻറ കൈകളിൽ മറ്റൊന്നും ഉണ്ടാകില്ല. എന്നാൽ അവൻ കാരണം മറ്റുള്ളവർ ഒഴുക്കിയ കണ്ണീരുണ്ടെങ്കിൽ, അത് കാലത്തിന് പോലും മായ്ക്കാൻ കഴിയാത്ത വലിയൊരു കടമായി അവശേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

