അർബുദം ജയിച്ചു; ഹനയും വിടവാങ്ങി
text_fieldsറിയാദ്: സാമൂഹിക പ്രവർത്തകയും അർബുദ രോഗ ബോധവത്കരണത്തിെൻറ മുന്നണി പോരാളിയുമായ ഹന ഇസ്കന്ദർ നിര്യാതയായി. റിയാദിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം. 24 വയസായിരുന്നു. കാൻസറിന് കീഴടങ്ങിയ സഹോദരനും സാമൂഹിക പ്രവർത്തകനുമായ ഹംസ ഇസ്കന്ദറിെൻറ പാത പിന്തുടർന്ന് ബോധവത്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഹനക്ക് സാമൂഹിക മാധ്യമങ്ങളിൽ വൻ ആരാധക വൃന്ദമുണ്ടായിരുന്നു. ഹംസയുടെ മരണത്തിന് നാലുമാസത്തിന് ശേഷമാണ് അനുയായികളെ ദുഃഖത്തിലാഴ്ത്തി സഹോദരിയും പോരാട്ടം അവസാനിപ്പിച്ചത്. ട്വിറ്റർ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന പ്രവാഹം തുടരുകയാണ്. ഹനയുടെ മരണം പുറത്തുവന്ന് നാലുമണിക്കൂറിനുള്ളിൽ തന്നെ ഒരുലക്ഷത്തോളം ട്വീറ്റുകളാണ് സൃഷ്ടിക്കെപ്പട്ടത്.
രോഗത്തിെൻറ കടുത്ത അവശതകൾക്കിടയിലും ബോധവത്കരണ പ്രവർത്തനങ്ങളുമായി സജീവമായിരുന്ന ഹന സമൂഹികമാധ്യമങ്ങളിലെ തെൻറ ഫോളോവേഴ്സുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. രോഗബാധിതരെ ആത്മവിശ്വാസത്തോടെ ജീവിക്കാനും ബന്ധുക്കൾക്ക് ധൈര്യം പകർന്നു നൽകാനും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. രോഗവുമായി ഏറെക്കാലം മല്ലിട്ട സഹോദരനായിരുന്നു ഹനയുടെ മാതൃകാപുരുഷൻ. അദ്ദേഹത്തിെൻറ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രശസ്തമായത് ‘പുഞ്ചിരി കൊണ്ട് ഞാൻ അർബുദത്തെ നേരിടും’ എന്ന കാമ്പയിനായിരുന്നു. ജനുവരി 24 ന് മരിക്കുേമ്പാൾ ഹംസക്ക് 25 വയസായിരുന്നു പ്രായം. സാർകോമ എന്ന അത്യപൂർവ അർബുദമായിരുന്നു ഇരുവർക്കും.
ഹംസയുടെ മരണശേഷമാണ് ഇതേ രോഗം തന്നെ ബാധിച്ചതായി ഹന തിരിച്ചിറയുന്നത്. തുടർന്ന് സഹോദരെൻറ പ്രവർത്തനങ്ങൾ ഹന ഏറ്റെടുത്തു. യു.എസിലെ ടെക്സാസിൽ കീമോതെറാപ്പിക്ക് ശേഷം അടുത്തിടെയാണ് സൗദിയിൽ മടങ്ങിയെത്തിയത്. ഹംസയുടെ വലിയ സ്വപ്നമായിരുന്ന കാൻസർ സപ്പോർട്ട് സെൻറർ യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു അവസാന നാളുകളിൽ ഹന. ഇതിനായി ധനസമാഹരണവും പദ്ധതി മാതൃക തയാറാക്കലുമെല്ലാം നല്ല നിലയിൽ പുരോഗമിച്ചിരുന്നു. ‘ഇൗ സെൻറർ അർബുദ രോഗികൾക്ക് എല്ലാമെല്ലാമായിരിക്കും. വെറുമൊരു ആശുപത്രിക്ക് അപ്പുറം എല്ലാം. രോഗികളെ പ്രചോദിപ്പിക്കാനും രോഗത്തിെൻറ യാഥാർഥ്യം അവരെ മനസിലാക്കാനും അതിനെ സ്വീകരിച്ച് ഉല്ലാസകരമായി ജീവിക്കാനും അവരെ പ്രാപ്തരാക്കുന്ന ഒന്ന്’ ^മരണത്തിന് മുമ്പ് ഒരു അഭിമുഖത്തിൽ ഹന പറഞ്ഞു. ആ സ്വപ്നം ബാക്കിവെച്ചാണ് ഹംസക്ക് പിന്നാലെ ഹനയും യാത്രയായത്.
ഹനയുടെ അവസാന നിമിഷങ്ങളെ കുറിച്ച് മാതാവ് നൂർഷിദ് അഹമദ് പറയുന്നു: ‘കഴിഞ്ഞയാഴ്ചയാണ് രോഗം കലശലായി അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ സന്ധ്യക്ക്, മഗ്രിബിന് ശേഷം അവൾ ഉൗർജസ്വലയായി. നല്ല ബോധവും ഉണ്ടായി. വസ്ത്രങ്ങൾ മാറ്റിത്തരാൻ പറഞ്ഞു. പ്രാർഥിക്കണമെന്നും ഖുർആൻ പാരായണം ചെയ്യണമെന്നുമായിരുന്നു അവളുടെ ആവശ്യം. അർധരാത്രി കഴിഞ്ഞതോടെ നില വല്ലാതെ വഷളായി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. രാത്രി 1.30 ന് അവൾ പോയി’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
