ഹജ്ജ്: മക്കയിൽ 35 ലക്ഷത്തിലധികം പേർക്ക് താമസ സൗകര്യം
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ താമസത്തിന് മക്കയിൽ 35 ലക്ഷത്തിലധികം ബെഡുകൾ സജ്ജമാക്കാനുള്ള കെട്ടിടങ്ങളുണ്ടെന്ന് ഹജ്ജ് താമസ കെട്ടിട സമിതി മേധാവി എൻജിനീയർ മാസിൻ മുഹമ്മദ് സിനാരി പറഞ്ഞു. 2300 കെട്ടിടങ്ങൾക്ക് ഇതുവരെ ലൈസൻസ് നൽകി. ഇത്രയും കെട്ടിടങ്ങളിലായി 11ലക്ഷം ബെഡുകൾക്ക് സൗകര്യമുണ്ട്.
ഹജ്ജ് താമസ നടപടികൾക്കായി മക്കയിൽ 34 അംഗീകൃത എൻജിനീയറിങ് കൺസൽട്ടിങ് ഒാഫീസുകളുണ്ട്. താമസ കെട്ടിട രംഗത്ത് ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കിയതോടെ ലൈസൻസില്ലാത്ത കെട്ടിടത്തിൽ തീർഥാടകരെ താമസിപ്പിക്കുന്നതെല്ലാം ഇല്ലാതാക്കാനായിട്ടുണ്ട്. താമസ കേന്ദ്രങ്ങളുടെയും ലൈസൻസുകളുടെയും പരിശോധനക്ക് 22 സംഘങ്ങളുണ്ട്. അടിയന്തിര പരിശോധനക്ക് അഞ്ച് സംഘങ്ങളുണ്ട്. തീർഥാടകരുടെ താമസത്തിന് നിശ്ചയിച്ച സുരക്ഷ നിബന്ധനകൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്നും കെട്ടിടം ഗോഡൗണുകളായി ഉപയോഗിക്കുന്നുണ്ടോ എന്നും സംഘം പരിശോധിക്കും. ഒരോ തീർഥാടകനും നിശ്ചിത സ്ഥലമുണ്ടെന്ന് സമിതി ഉറപ്പുവരുത്തും. ലൈസൻസിെൻറ കാലാവധി ഒരു വർഷത്തിൽ നിന്ന് വർധിപ്പിക്കുന്ന കാര്യം പഠിച്ചുവരികയാണെന്നും ഹജ്ജ് താമസ കെട്ടിട സമിതി അറിയിച്ചു.
ഹജ്ജ് താമസ കെട്ടിട നടപടികൾക്കാവശ്യമായ കാര്യങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനകം നിരവധി ലൈസൻസുകൾ നൽകിയിട്ടുണ്ട്. ഹജ്ജ് കെട്ടിട ലൈസൻസ് രംഗത്ത് നടപ്പിലാക്കിയ ഇ സംവിധാനത്തിെൻറ വിജയമാണിത്. പരിശോധനക്കും മറ്റ് നടപടികൾക്കും അംഗീകൃത എൻജിനീയറിങ് ഒാഫീസുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. റജബ് മാസം അവസാനിക്കുന്നതിന് മുമ്പ് ഹജ്ജ് കെട്ടിട ലൈസൻസിനുള്ള നടപടികൾ ഉടമകൾ പൂർത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ് കെട്ടിട സമിതി അധ്യക്ഷൻ കെട്ടിട ഉടമകളെ ഉണർത്തി. മക്കയിൽ നിരവധി താമസ കെട്ടിടങ്ങളാണ് ഉയർന്നുവരുന്നത്. ഹജ്ജ് മിഷനുകൾ തീർഥാടകർക്ക് ഏറ്റവും അനുയോജ്യവും പുതിയതുമായ കെട്ടിടങ്ങളാണ് തെരഞ്ഞെടുക്കുന്നത്. തീർഥാടകരെ താമസിപ്പിക്കുന്ന ഏത് കെട്ടിടത്തിനും ലൈസൻസ് നിർബന്ധമാണ്.
താമസിക്കാൻ പറ്റാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നേടാൻ ഉടമകൾക്ക് കഴിയില്ല. ഏതെങ്കിലും ഡിസ്ട്രിക്ടുകളിൽ തീർഥാടകരെ താമസിപ്പിക്കുന്നതിന് വിലക്കില്ല. തീർഥാടകരുടെ താമസത്തിന് നിശ്ചയിച്ച ഉപാധികൾ പൂർത്തിയാക്കിയിരിക്കണം. ഹജ്ജ് അനുമതി പത്രമില്ലാതെ തീർഥാടകരെ താമസിപ്പിച്ച നിരവധി കെട്ടിടങ്ങൾ കഴിഞ്ഞ വർഷം പിടികൂടിയിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് നിർമാണജോലികൾ കഴിയുന്നതിനനുസരിച്ച് ലൈസൻസിന് അപേക്ഷിക്കാം. ദുൽഹജ്ജ് വരെ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുമെന്നും ഹജ്ജ് കെട്ടിട താമസ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
