അറഫ, മിന സേവനം പൂർത്തിയാക്കി ‘വിഖായ’ വളൻറിയർമാർ മടങ്ങി
text_fieldsമക്ക: ഹജ്ജ് തീർഥാടകർക്ക് മക്കയിലും മിനയിലും കൈത്താങ്ങായ സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റിയുടെ ‘വിഖായ’ വളൻറിയർമാർ കർമം പൂർത്തിയാക്കി മടങ്ങി. സന്നദ്ധസേവന രംഗത്ത് മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും വിഖായ കർമനിരതരായിരുന്നു. ആദ്യ ഹാജി മക്കയിൽ ഇറങ്ങിയത് മുതൽ ആരംഭിച്ച സേവനം അറഫാ സംഗമം ഉൾപ്പെടെയുള്ള പുണ്യ കർമങ്ങളിൽ 200ഓളം വരുന്ന വളൻറിയർമാരാണ് രംഗത്തുണ്ടായിരുന്നത്.
നിർണായക ഘട്ടത്തിൽ മക്കയിലും ജിദ്ദയിലും നിന്നുമുള്ള വിഖായ വളൻറിയർമാർ ചേർന്നാണ് ഈ വർഷം സന്നദ്ധസേവന ദൗത്യം പൂർത്തീകരിച്ചത്. കടുത്ത ചൂടിലും വേറിട്ട പ്രവർത്തനങ്ങളാണ് വിഖായ നടത്തിയത്. മക്ക എസ്.ഐ.സി വിഖായ ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ അവസാന ഹജ്ജ് സംഘവും മടങ്ങുന്നതുവരെയുള്ള നിരന്തരമായ സേവനങ്ങൾ നടത്തിവരുന്നുണ്ട്. ജിദ്ദ എസ്.ഐ.സി വിഖായ പെരുന്നാൾ ദിനത്തിൽ ഇന്ത്യൻ എംബസിയുടെ കാർഡുമായി മിനയിൽ പ്രവേശിക്കുകയും വീൽചെയറുകളുമായും കഞ്ഞിവിതരണം കൊണ്ടും വഴിതെറ്റിയ ഹാജിമാരെ ടെൻറുകളിലേക്ക് തിരിച്ചെത്താൻ സഹായിച്ചും സേവന നിരതരായിരുന്നു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റിയുടെ മക്കയിലെ മിന ഓപറേഷൻ ക്യാമ്പ് എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സന്ദർശിക്കുകയും വിഖായ വളൻറിയർ സേവനങ്ങൾ ഒട്ടേറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നും പേരുപോലെ തന്നെ സേവനങ്ങൾ അഭിമാനകരവുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ഹറമുകളിലെത്തുന്ന ഹാജിമാർക്ക് വിഖായ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. സംഗമത്തിൽ നാഷനൽ പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി. അറഫ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളിൽ വളൻറിയർ സേവനങ്ങൾ നടത്തുന്നതിന് അവസാനസമയം വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിഖായ സംഘത്തിന് മിന ഓപറേഷനിൽ ഹാജിമാർക്ക് ശ്രദ്ധേയവും ശ്ലാഘനീയവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതോടൊപ്പം വരും വർഷങ്ങളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുമെന്നും ഉബൈദുല്ല തങ്ങൾ പറഞ്ഞു.
യോഗത്തിൽ അസീസിയ മാപ്പ് റീഡിങ് മുനീർ ഫൈസി മാമ്പുഴ (മക്ക) നിർവഹിച്ചു. നാഷനൽ വൈസ് പ്രസിഡൻറ് അബൂബക്കർ ദാരിമി ആലമ്പാടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം (മക്ക), ഹറമൈൻ സോനൽ ജനറൽ സെക്രട്ടറി സലീം നിസാമി ഗൂഡല്ലൂർ, വർക്കിങ് സെക്രട്ടറി സൈനുദ്ദീൻ ഫൈസി പൊന്മള, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി സിറാജുദ്ദീൻ പേരാമ്പ്ര, മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ ജാസിം കാടാമ്പുഴ, സ്വലാഹുദ്ദീൻ വാഫി, മുബശ്ശിർ അരീക്കോട്, ഫിറോസ് ഖാൻ, യൂസുഫ് ഒളവട്ടൂർ, നിസാർ നിലമ്പൂർ, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാർ പാങ്ങ്, അബ്ദുൽ നാസർ കൊളമ്പൻ എന്നിവരും ജിദ്ദ എസ്.ഐ.സി ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ, ദുൽഫുഖാർ തങ്ങൾ ജമലുല്ലൈലി, സലീം മലയിൽ അമ്മിനിക്കാട്, ഷമീർ താമരശ്ശേരി, അസീസ് പുന്നപ്പാല, ഷൗക്കത്ത് കരുവാരക്കുണ്ട്, നജീബ് മംഗലാപുരം, എൻജി. ഫാറൂഖ് അരീക്കോട് എന്നിവരും സംബന്ധിച്ചു.
വിഖായ നാഷനൽ സമിതി ചീഫ് കോഓഡിനേറ്റർ ദിൽഷാദ് തലാപ്പിൽ സ്വാഗതവും വിഖായ നാഷനൽ സമിതി ചെയർമാൻ ടി.പി. മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു. അവസാനത്തെ ഹാജിയും മടങ്ങുന്നത് വരെ തുടർന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് നാഷനൽ വിഖായ ചെയർമാൻ മാനു തങ്ങളും ജനറൽ കൺവീനർ ഷജീർ കൊടുങ്ങല്ലൂരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.