ഹജ്ജ് വിജയം: നന്ദി അറിയിച്ച് സൽമാൻ രാജാവ്
text_fieldsസൽമാൻ രാജാവ്
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന്റെ വിജയത്തിൽ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് നന്ദി അറിയിച്ചു. ബലിപെരുന്നാൾ ആശംസ അറിയിച്ചും ഹജ്ജ് വിജയം പരാമർശിച്ചും ആഭ്യന്തര മന്ത്രി അയച്ച സന്ദേശത്തിന് നൽകിയ മറുപടി സന്ദേശത്തിലാണ് മന്ത്രിക്കും സുരക്ഷ രംഗത്ത് പ്രവർത്തിച്ച വകുപ്പുകൾക്കും രാജാവ് നന്ദി അറിയിക്കാൻ നിർദേശം നൽകിയത്. ദൈവകാരുണ്യത്തോടൊപ്പം, കോവിഡിനെ പ്രതിരോധിക്കുന്നതിന് ആരോഗ്യ മുൻകരുതലുൾപ്പെടെ സ്വീകരിച്ച നടപടികളും ഹജ്ജുമായി ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ ശ്രമങ്ങളുടെയും ഫലമാണ് വിജയമെന്ന് സൽമാൻ രാജാവ് സന്ദേശത്തിൽ പറഞ്ഞു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആഭ്യന്തര മന്ത്രിക്ക് നന്ദി അറിയിച്ച് സന്ദേശമയച്ചു. ബലിപെരുന്നാളിൽ അഭിനന്ദനം അറിയിച്ചും ഹജ്ജ് വിജയം പരാമർശിച്ചും അയച്ച സന്ദേശം കിട്ടിയെന്ന് കിരീടാവകാശി പറഞ്ഞു. നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിനും തീർഥാടകർക്ക് അവരുടെ കർമങ്ങൾ അനായാസമായും ശാന്തമായും നിർവഹിക്കാൻ കഴിഞ്ഞതിനും ദൈവത്തിന് സ്തുതി.
ഹജ്ജ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും അവരുടെ ശ്രമങ്ങൾക്കും നന്ദി പറയുന്നു. നേടിയ വിജയത്തെ പ്രശംസിക്കുന്നുവെന്നും കിരീടാവകാശി മറുപടി സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

