ഹജ്ജ് സുരക്ഷാസേന സജ്ജം -പൊതുസുരക്ഷ മേധാവി
text_fieldsഹജ്ജ് സുരക്ഷാസേനയുടെ ഒരുക്കത്തിന്റെ ഭാഗമായ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ നാഇഫ് പങ്കെടുത്തപ്പോൾ
ജിദ്ദ: ഹജ്ജ് വേളയിലെ സുരക്ഷ നിരീക്ഷണത്തിനും സേവനത്തിനും ഹജ്ജ് സുരക്ഷാസേന സജ്ജം. ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകരുടെ സുരക്ഷക്കും സേവനത്തിനും ഹജ്ജ് സുരക്ഷാസേനയുടെ സന്നദ്ധത ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ നാഇഫ് പരിശോധിച്ചു. ഹജ്ജ് സുരക്ഷാസേനയുടെ പ്രത്യേക ചടങ്ങിലാണ് തയാറെടുപ്പ് പരിശോധിച്ചത്. തീർഥാടകരുടെ സുരക്ഷ നിലനിർത്തുന്നതിനും അവരുടെ ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാസേന സജ്ജമാണെന്ന് പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി പറഞ്ഞു.
മക്ക, വിവിധ പുണ്യസ്ഥലങ്ങൾ, മദീന, എല്ലാ പ്രവേശനകവാടങ്ങൾ എന്നിവിടങ്ങളിലും ഹജ്ജ് സ്ഥലങ്ങളിലേക്കുമുള്ള എല്ലാ റോഡുകളിലും സൈന്യം ഡ്യൂട്ടി ആരംഭിച്ചിട്ടുണ്ട്. തീർഥാടകരെ സേവിക്കുന്നതിനും സമാധാനത്തിന് ഭംഗം വരുത്തുന്നതിനെ നേരിടുന്നതിനും ആധുനിക സാങ്കേതിക കഴിവുകളോടെ പരിശീലനം ലഭിച്ച സൈന്യം രംഗത്തുണ്ട്. പുണ്യസ്ഥലങ്ങളുടെ വിശുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മുമ്പാകെ ഹജ്ജ് സേനയുടെ മോക്ഡ്രിലും നടന്നു. ഹജ്ജ് സുരക്ഷാസേനക്ക് പുറമെ കവചിത വാഹനങ്ങൾ, സുരക്ഷ ഹെലികോപ്ടറുകൾ തുടങ്ങിയവ അണിനിരന്നു. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, അമീറുമാർ, മന്ത്രിമാർ, സുപ്രീം ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

