ഹജ്ജ് സീസൺ വിജയകരം; തീർഥാടകർക്ക് 25 ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങൾ നൽകി
text_fieldsഹജ്ജ് തീർഥാടനത്തിനിടയിലെ ആരോഗ്യമന്ത്രാലയത്തിെൻറ സേവനങ്ങൾ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിലെ ആരോഗ്യ സേവന പ്രവർത്തനങ്ങൾ വൻ വിജയകരമായി പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഹജ്ജ് ദിവസങ്ങളിൽ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മെഡിക്കൽ സംഘങ്ങൾ തീർഥാടകർക്കായി 25 ലക്ഷത്തിലധികം ആരോഗ്യ സേവനങ്ങളാണ് ലഭ്യമാക്കിയത്.
ഹജ്ജ് വേളയിൽ തീർഥാടകർക്കിടയിൽ ഒരുവിധ പകർച്ചവ്യാധികളോ പൊതുജനാരോഗ്യ ഭീഷണികളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഹജ്ജ് നഗരികളിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും അടിയന്തര പരിചരണ സൗകര്യങ്ങളിൽനിന്നുമായി 1,14,889 പേർക്കാണ് വൈദ്യസഹായം ലഭിച്ചത്.
ഇതിൽ അടിയന്തര വിഭാഗങ്ങൾ വഴി 58,462 കേസുകൾ കൈകാര്യം ചെയ്തപ്പോൾ, ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ വഴി 29,846 രോഗികൾക്ക് ചികിത്സ ഉറപ്പാക്കി. ഹജ്ജ് സീസണിലുടനീളം 8,342 തീർഥാടകരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആശുപത്രികളിലെ വിദഗ്ധ മെഡിക്കൽ സംഘങ്ങൾ സങ്കീർണമായ 410 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 323 കാർഡിയാക് കത്തീറ്ററൈസേഷനുകളും (ആൻജിയോ പ്ലാസ്റ്റി ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ പ്രക്രിയകൾ) 33 ഓപൺ ഹാർട്ട് സർജറികളും ഉൾപ്പെടുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണ കാമ്പയിനുകൾക്കും ഇത്തവണ മന്ത്രാലയം വലിയ മുൻഗണനയാണ് നൽകിയത്. ഇതിെൻറ ഭാഗമായി 2,92,585-ലധികം പ്രതിരോധ സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കി.
കൂടാതെ, മന്ത്രാലയത്തിെൻറ ഏകീകൃത കാൾ സെന്ററായ 937-ലേക്ക് 10 ലക്ഷത്തിലധികം സേവനം തേടിയുള്ള കാളുകളാണ് എത്തിയത്. ഏഴ് പ്രമുഖ ഭാഷകളിലായി 24 മണിക്കൂറും ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശങ്ങളും ഉപദേശങ്ങളും ഈ സെൻറർ വഴി തീർഥാടകർക്ക് കൈമാറി. ആരോഗ്യമേഖലയിൽ അഭൂതപൂർവമായ സാങ്കേതിക മുന്നേറ്റങ്ങൾക്കാണ് ഇത്തവണത്തെ ഹജ്ജ് സീസൺ സാക്ഷ്യംവഹിച്ചത്. അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അതിവേഗം ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചു. സങ്കീർണ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമായി അത്യാധുനിക മെഡിക്കൽ റോബോട്ടിക്സ് സംവിധാനവും വിദഗ്ധ സർജന്മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
ഒപ്പം, ആരോഗ്യസ്ഥിതി മോശമാകാൻ സാധ്യതയുള്ള തീർഥാടകരുടെ ജീവൽസ്പന്ദനങ്ങൾ സ്മാർട്ട് വാച്ചുകൾ വഴി വിദൂരത്തിരുന്ന് നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ആധുനികവും നൂതനവുമായ ആരോഗ്യ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിൽ സൗദി അറേബ്യ പുലർത്തുന്ന പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ കുതിച്ചുചാട്ടമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

