പകർച്ചവ്യാധി ഭീതിയില്ലാതെ ഹജ്ജ് സീസൺ പൂർണ വിജയത്തിൽ
text_fieldsഹജ്ജ് കാഴ്ചകളിലൊന്ന് [ ഫോട്ടോ കടപ്പാട് - ഷഹബാസ് ജിദ്ദ ]
മക്ക/ജിദ്ദ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ എബോള, ഹന്ത വൈറസ് തുടങ്ങിയ മാരകരോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിലും, ഈ വർഷത്തെ ഹജ്ജ് സീസൺ പകർച്ചവ്യാധികളോ മറ്റ് പൊതുജനാരോഗ്യ ഭീഷണികളോ ഇല്ലാതെ പൂർണ വിജയമായി സമാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. തീർഥാടകരുടെ ആരോഗ്യനില സീസണിലുടനീളം സുസ്ഥിരവും ആശ്വാസകരവുമായിരുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
മക്ക ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് എന്നിവർക്ക് വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് ആണ് ഹജ്ജ് സീസണിെൻറ ഉജ്ജ്വല വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിശുദ്ധ ഹറമൈനുകളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേരിട്ടുള്ള മാർഗനിർദേശത്തിൽ, രാജ്യം തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് നൽകിയ വലിയ മുൻഗണനയുടെ പ്രതിഫലനമാണ് ഈ വിജയമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പ്രസ്താവിച്ചു. ആഗോള മുസ്ലിംകൾ ഒത്തുകൂടുന്ന ഈ വേളയിൽ തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും ആഗോള പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും സൗദി അറേബ്യ വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര-അന്തർദേശീയ ആരോഗ്യ സംഘടനകളുമായി ചേർന്നുള്ള നിരന്തരമായ നിരീക്ഷണവും ദ്രുതകർമസേനയുടെ സജ്ജീകരണവും കാരണം ഒരു ഘട്ടത്തിൽപോലും തീർഥാടകർക്കിടയിൽ സംശയാസ്പദമായ രോഗലക്ഷണങ്ങൾ പോലും കണ്ടെത്താൻ ഇടയായില്ല. ആരോഗ്യ മേഖലയിലെ ജീവനക്കാർ ഹജ്ജ് പുണ്യസ്ഥലങ്ങളിൽ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടായിരുന്നു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, അടിയന്തര സേവനങ്ങൾ, സമഗ്രമായ പ്രതിരോധ ബോധവത്കരണ പരിപാടികൾ എന്നിവയാണ് ആരോഗ്യ മന്ത്രാലയം ഇതിനായി ഒരുക്കിയിരുന്നത്. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള പൂർണമായ ഏകോപനമാണ് തീർഥാടകർക്ക് മനസ്സമാധാനത്തോടെ കർമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണനേതൃത്വം നൽകിയ പിന്തുണയെയും ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ ഏകോപന മികവിനെയും മന്ത്രാലയം പ്രശംസിച്ചു. മക്ക ഗവർണറുടെയും ഡെപ്യൂട്ടി ഗവർണറുടെയും മേൽനോട്ടത്തിൽ മക്ക ഹജ്ജ്-ഉംറ സ്ഥിരം കമ്മിറ്റിയും, മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ മദീന ഹജ്ജ്-ഉംറ സ്ഥിരം കമ്മിറ്റിയും നടത്തിയ ഫീൽഡ് തലത്തിലുള്ള കൃത്യമായ നിരീക്ഷണങ്ങളാണ് ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

