You are here
ഹജ്ജ് സേവനം: കെ.എം.സി.സി ഉയർത്തിപ്പിടിക്കുന്നത് നാടിെൻറ കാഴ്ചപ്പാട് –സാദിഖലി തങ്ങൾ
മദീന: ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യുന്ന പ്രവാസികൾ നാളെ ദൈവസന്നിധിയിൽ ഉയർന്ന സ്ഥാനമുള്ളവരായിരിക്കുമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം മദീന കെ.എം.സി.സി സംഘടിപ്പിച്ച വളൻറിയർ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് സേവനരംഗത്ത് ആത്മാർഥതയോടെ പ്രവർത്തിക്കുന്ന കെ.എം.സി.സിയെ പോലുള്ള സംഘടനകൾ ഉയർത്തിപ്പിടിക്കുന്നത് നമ്മുടെ നാടിെൻറയും സമൂഹത്തിെൻറയും കാഴ്ചപ്പാടുകളാണെന്നും കെ.എം.സി.സി പ്രവർത്തകർ മുസ്ലീം ലീഗിന് എന്നും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീന കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ സൈത് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല പാലേരി, വി.കെ. മുഹമ്മദ്, മോയിൻകുട്ടി മാസ്റ്റർ, നൗഫൽ റഹേലി, പി.എം. അബ്ദുൽ ഹഖ്, ഹംസ പെരുമ്പലം, നാസർ തടത്തിൽ, അഷ്റഫ് അഴിഞ്ഞിലം എന്നിവർ സംസാരിച്ചു. ശെരീഫ് കാസർകോട് സ്വാഗതവും ഗഫൂർ പട്ടാമ്പി നന്ദിയും പറഞ്ഞു. പി.വൈ. ഇബ്രാഹിം ഹാജി ഖിറാഅത്ത് നടത്തി.