ഹജ്ജ് ചട്ടലംഘനം; പരിശോധനയും നടപടികളും കർശനമാക്കി; ആറുപേർ പിടിയിൽ
text_fieldsവ്യാജ ഹജ്ജ് വാഗ്ദാനങ്ങൾ നടത്തി മക്കയിൽ പിടിയിലായ വിദേശികൾ
മക്ക: ഹജ്ജ് കർമങ്ങൾ സുഗമമായും സുരക്ഷിതമായും നടത്തുന്നതിനായി സുരക്ഷ നിയമങ്ങളും പരിശോധനകളും സൗദി അധികൃതർ കൂടുതൽ കർശനമാക്കി. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാതെ തീർത്ഥാടകരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിെൻറ ഭാഗമായി നടത്തിയ പഴുതടച്ചുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആകെ ആറുപേർ പിടിയിലായി. ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു യമനി പൗരനെയും മറ്റ് രണ്ട് രാജ്യക്കാരെയുമാണ് സുരക്ഷ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തത്.
ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇതിന് പുറമെ, സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് വാഗ്ദാനങ്ങൾ നൽകി തീർത്ഥാടകരെ വഞ്ചിച്ച മൂന്ന് വിദേശികളെയും മക്കയിലെ സെക്യൂരിറ്റി പട്രോളിങ് വിഭാഗം പിടികൂടിയിട്ടുണ്ട്. ഹജ്ജ് സേവനങ്ങളെന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയ ഇവർക്കെതിരെ പ്രാഥമിക നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് മുതിരുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
നിയമലംഘകർക്ക് കൂട്ടുനിൽക്കുന്നവർക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ, പിഴ, നാടുകടത്തൽ തുടങ്ങിയവ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഹജ്ജ് പെർമിറ്റുകൾക്കായി മന്ത്രാലയത്തിെൻറ അംഗീകൃത പ്ലാറ്റ്ഫോമുകളായ ‘നുസുക്’ ആപ് അല്ലെങ്കിൽ ‘മസാർ’ പോർട്ടൽ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിവരം അറിയിക്കണം. കൂടാതെ ‘കുല്ലുനാ അമൻ’ ആപ് വഴിയും പരാതികൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

