ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ്ജ് റൂട്ട് മാപ് പുറത്തിറക്കി
text_fieldsമക്ക: ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ റൂട്ട്മാപ് പുറത്തിറക്കി. മക്കയിലെ ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ മിന, അറഫ എന്നിവിടങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യൻ ഹജ്ജ് മിഷൻ തയ്യാറാക്കിയതാണ് വിശദവിവരങ്ങൾ അടങ്ങിയ മാപ്. ഹജ്ജ് കമ്മിറ്റിയിലൂടെയും പ്രൈവറ്റ് ഓപറേറ്റർമാർ വഴി എത്തുന്ന ഹാജിമാരുടെയും മിനായിലെയും അറഫയിലെയും താമസകേന്ദ്രങ്ങളുടെ മാപ്പാണിത്.
ഹജ്ജ് സർവിസ് കമ്പനി (മക്തബ്) നമ്പർ അടിസ്ഥാനത്തിലാണ് താമസകേന്ദ്രങ്ങൾ മനസ്സിലാക്കാനാവുക. ഹാജിമാർ കൂടുതൽ തങ്ങുന്ന മിനായിൽ കിങ് അബ്ദുൽ അസീസ് പാലത്തിന്റെ ഇരുവശത്തുമാണ് ഇന്ത്യൻ ഹാജിമാരുടെ തമ്പുകൾ.
അറഫയിൽ മെട്രോ സ്റ്റേഷൻ ഒന്നിനും രണ്ടിനും അടുത്തും ജൗഹറ റോഡിനും പെഡസ്ട്രിയനും ഇടയിലുമാണ് ഇന്ത്യൻ ഹാജിമാർ തങ്ങുക. പ്രധാന ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, മെട്രോ സ്റ്റേഷനുകൾ, മസ്ജിദ്, പ്രധാന റോഡുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് മാപ്പ്.
ഹാജിമാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലാണ് മാപ് രൂപകൽപന ചെയ്തിട്ടുള്ളത്.
തിരക്കിൽ വഴി തെറ്റുന്ന ഹാജിമാർക്ക് ടെൻറുകൾ കണ്ടെത്താൻ ഇത് എളുപ്പമാകും. വളൻറിയർമാർക്കും മാപ് പ്രയോജനപ്പെടും.

