ഹജ്ജ് കർമ്മങ്ങൾക്ക് ധന്യമായ സമാപനം; ഹാജിമാർ മിനയോട് വിടപറഞ്ഞു
text_fieldsമക്ക
മക്ക: ഒരാഴ്ചയോളം നീണ്ടുനിന്ന ശ്രമകരമായ പുണ്യകർമങ്ങൾ പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് ധന്യമായ സമാപനം. ഹജ്ജിന്റെ അഞ്ചാം ദിനത്തിലെ കല്ലേറ് കർമം കൂടി പൂർത്തിയാക്കിയാണ് ഭൂരിഭാഗം ഹാജിമാരും മിനയോട് വിടപറഞ്ഞത്. കിലോമീറ്ററുകൾ കാൽനടയായി താണ്ടി പ്രായമേറിയ തീർഥാടകർ ഉൾപ്പെടെയുള്ളവർ കർമങ്ങൾ ഭംഗിയായി നിർവഹിച്ചു. ജീവിതസാഫല്യം കൈവരിച്ചതിന്റെ ആത്മനിർവൃതിയോടെയാണ് ഹാജിമാരുടെ മടക്കം.
പകുതിയിലധികം ഹാജിമാരും ദുൽഹജ്ജ് 12 ആയ വെള്ളിയാഴ്ച തന്നെ കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്ന് മടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും അസീസിയയിലെ തങ്ങളുടെ ക്യാമ്പുകളിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി മിനയിൽ തങ്ങാൻ ആഗ്രഹിച്ചവർക്ക് ഹജ്ജ് ഏജൻസികൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ബാക്കിയുള്ള മുഴുവൻ തീർഥാടകരും ശനിയാഴ്ച വൈകുന്നേരത്തോടെ അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും.
തീർഥാടകരുടെ തിരക്ക് ഒഴിവാക്കുന്നതിനായി ഹജ്ജ് മന്ത്രാലയം ഓരോ സർവീസ് കമ്പനികൾക്കും മിനയിൽ നിന്ന് മടങ്ങുന്നതിന് പ്രത്യേക സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഭൂരിഭാഗം ഹാജിമാരെയും താമസസ്ഥലങ്ങളിൽ എത്തിച്ചത്. എന്നാൽ ചുരുക്കം ചില ഹാജിമാർ കാൽനടയായും റൂമുകളിലേക്ക് മടങ്ങി. ഇത്തരത്തിൽ കാൽനടയായി മടങ്ങുന്ന ഹാജിമാർക്ക് വഴികാട്ടാനും സഹായമേകാനും മലയാളി സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ മിനയിലെ വിവിധ വഴികളിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ചത്തെ കല്ലേറ് കർമം കൂടി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും കാരണം ഹജ്ജിെൻറ പ്രധാന ചടങ്ങുകളായ ത്വവാഫും സഫാ-മർവ കുന്നുകൾക്കിടയിലെ പ്രയാണവും (സഅ്യ്) നേരത്തെ പൂർത്തിയാക്കാൻ സാധിക്കാത്ത മലയാളി തീർഥാടകർ, ശനിയാഴ്ച താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയ ശേഷമാകും ഇത് നിർവഹിക്കുക. അതേസമയം, സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ മലയാളി ഹാജിമാരിൽ ഭൂരിഭാഗവും വെള്ളിയാഴ്ച തന്നെ കല്ലേറ് കർമം പൂർത്തിയാക്കി മടങ്ങിയിട്ടുണ്ട്. ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഇത്തവണത്തെ ഹജ്ജിനിടെ കേരളത്തിൽ നിന്നെത്തിയ മൂന്ന് ഹാജിമാർ മരിച്ചു. കണ്ണൂർ വഴി ഹജ്ജിനെത്തിയ കർണാടക സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. വിവിധ കാരണങ്ങളാൽ ഇന്ത്യയിൽ നിന്നുള്ള 50ഓളം ഹാജിമാരാണ് ഇതുവരെ മക്കയിലും മദീനയിലുമായി മരണമടഞ്ഞത്. അതേസമയം, വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാല് മലയാളി തീർത്ഥാടകരെ അത്യാധുനിക ആംബുലൻസ് മാർഗം അറഫയിൽ എത്തിച്ച് ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ അധികൃതർ സൗകര്യമൊരുക്കി. ഇനി ഹാജിമാർക്ക് നിർവഹിക്കാൻ അവശേഷിക്കുന്നത് വിടവാങ്ങൽ ത്വവാഫ് (ത്വവാഫുൽ വിദാഅ്) മാത്രമാണ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർഥാടകർ ജൂൺ രണ്ടിന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് തിരിച്ചുതുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകർ എട്ട് ദിവസത്തെ മദീന സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുക.
വലിയ പ്രയാസങ്ങളോ മുൻവർഷങ്ങളിലെപ്പോലെയുള്ള പ്രതിസന്ധികളോ ഇല്ലാതെ, സമീപകാലത്ത് നടന്ന ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഹജ്ജ് തീർഥാടനത്തിനാണ് ഇത്തവണ മക്ക സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

