ഹജ്ജ് നിയന്ത്രണങ്ങൾ കടുപ്പിച്ചു: മക്കയിലേക്ക് പ്രവേശിക്കാൻ അനുമതിപത്രം നിർബന്ധം
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച (ഏപ്രിൽ 13) പുലർച്ചെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സുരക്ഷ അധികൃതർ അറിയിച്ചു. ഹജ്ജ് അനുമതിപത്രമില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.
പ്രവേശന അനുമതിയുള്ളവർ
മക്കയിൽ നിന്നുള്ള ഇഖാമയുള്ളവർ, നിലവിൽ ഹജ്ജ് പെർമിറ്റ് കരസ്ഥമാക്കിയവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' അല്ലെങ്കിൽ 'മുഖീം' പോർട്ടൽ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ എന്നിവർക്ക് മാത്രമാണ് നിലവിൽ പ്രവേശന അനുമതിയുള്ളത്. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
ഉംറ വിസക്കാർക്കും സന്ദർശകർക്കും നിയന്ത്രണം
ഉംറ വിസയിൽ എത്തിയ തീർത്ഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സ്വദേശികൾക്കും പ്രവാസികൾക്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി 'നൂസുക്' ആപ്പ് വഴി നൽകിവരുന്ന ഉംറ പെർമിറ്റ് വിതരണം ഏപ്രിൽ 18 മുതൽ മെയ് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു.
ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയിൽ തുടരാനോ പുതുതായി പ്രവേശിക്കാനോ അനുമതിയുണ്ടാവുകയുള്ളൂ. ഉംറ, വിസിറ്റ് വിസകൾ ഉൾപ്പെടെയുള്ള മറ്റ് വിസക്കാർക്ക് ഈ കാലയളവിൽ മക്കയിലേക്ക് പ്രവേശന വിലക്കുണ്ടായിരിക്കും.
ശിക്ഷ നടപടികൾ
മക്കയിലെ താമസകേന്ദ്രങ്ങളിൽ ഔദ്യോഗിക അനുമതിപത്രമില്ലാത്തവരെ താമസിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുൽഖഅദ ഒന്ന് (ഏപ്രിൽ 18) മുതൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക ഹജ്ജ് തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

