ഹജ്ജ് ഒരുക്കങ്ങൾ ഊർജിതം; 20 ദിവസത്തിനിടെ വാണിജ്യ മന്ത്രാലയം നടത്തിയത് 23,000 പരിശോധനകൾ
text_fieldsമദീന: 2026ലെ ഹജ്ജ് തീർഥാടനം സുരക്ഷിതവും കുറ്റമറ്റതുമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾക്കിടയിൽ, വാണിജ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിലുള്ള പരിശോധനകൾ സൗദിയിൽ ഊർജിതമാക്കി. തീർഥാടകർക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ 20 ദിവസത്തിനിടെ 23,000ത്തിലധികം പരിശോധനാ സ്ക്വാഡുകളാണ് വിവിധ മേഖലകളിൽ സജീവമായി രംഗത്തിറങ്ങിയത്. ഏപ്രിൽ 19 മുതൽ ആരംഭിച്ച പ്രത്യേക പരിശോധനാ കാമ്പയിൻ മക്ക, മദീന, മീഖാത്തുകൾ, ഇരു ഹറം പള്ളികളിലേക്കുള്ള പ്രധാന പാതകൾ, ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുക, വിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഗുണമേന്മയും ഉറപ്പുവരുത്തുക എന്നിവയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അവശ്യവസ്തുക്കളുടെ സ്റ്റോക്ക്, കൃത്യമായ വിലവിവരപ്പട്ടിക, വാണിജ്യ ഓഫറുകളുടെ സുതാര്യത എന്നിവ ഇൻസ്പെക്ടർമാർ നേരിട്ട് വിലയിരുത്തി. വാണിജ്യ സ്ഥാപനങ്ങൾ സർക്കാർ നിർദേശങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, വാണിജ്യ അനുസരണ നിലവാരം ഉയർത്തുന്നതിനും മന്ത്രാലയം പ്രാധാന്യം നൽകുന്നു. ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്ക് മികച്ച സേവനവും സുരക്ഷയും ഒരുക്കുന്നതിെൻറ ഭാഗമായി വരുംദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

