ഹജ്ജ് ഒരുക്കം പൂർത്തിയായി;ഒമ്പത് ലക്ഷത്തോളം തീർഥാടകരെത്തി
text_fieldsഹജ്ജ് ഒരുക്കവുമായി ബന്ധപ്പെട്ട് റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ സംസാരിക്കുന്നു
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലേക്ക് തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇതുവരെ 860,000 തീർഥാടകർ സൗദി അറേബ്യയിൽ എത്തിയതായി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ, തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ നൂറിലധികം പുതിയ പദ്ധതികളാണ് ഇത്തവണ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്.
എത്തിയ തീർഥാടകരിൽ ഭൂരിഭാഗവും (8,20,000 പേർ) വിമാനമാർഗമാണ് എത്തിയത്. ഇതിൽ തന്നെ ‘മക്ക റൂട്ട്’ പദ്ധതി വഴി 2,40,000 പേർക്ക് വേഗത്തിലുള്ള യാത്രാസൗകര്യം ലഭിച്ചു. കരമാർഗം 35,000 പേരും കടൽമാർഗം നാലായിരത്തിലധികം പേരും ഇതിനകം വിശുദ്ധ ഭൂമിയിൽ പ്രവേശിച്ചിട്ടുണ്ട്. തീർഥാടകരുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിട്ടുള്ളത്. മുമ്പ് വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായിരുന്ന 120 മിനിറ്റ് എന്നത് ഇത്തവണ കേവലം 15 മിനിറ്റായി കുറക്കാൻ സാധിച്ചു. കൂടാതെ, വിദേശ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 'ഹജ്ജ് വിത്തൗട്ട് ബാഗ്' (ലഗേജില്ലാത്ത ഹജ്ജ്) പദ്ധതി എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി ഇത്തവണ വിപുലീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ സേവനങ്ങളുടെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. 51 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള 'നുസ്ക്' ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 130ഓളം സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാണ്. 126 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇടനിലക്കാരില്ലാതെ 30ലധികം സൗദി കമ്പനികളിൽ നിന്ന് നേരിട്ട് ബുക്കിങ് നടത്താൻ ഈ പ്ലാറ്റ്ഫോം സൗകര്യമൊരുക്കുന്നു. ഇതിനുപുറമെ, സുരക്ഷയും തിരിച്ചറിയലും എളുപ്പമാക്കുന്നതിന് എല്ലാ തീർഥാടകർക്കും 'നുസ്ക്' സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ 60ഓളം സർക്കാർ വകുപ്പുകൾ ഏകോപിതമായാണ് ഹജ്ജ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
പുണ്യസ്ഥലങ്ങളിലെ പശ്ചാത്തല സൗകര്യങ്ങളിലും വലിയ വികസനമാണ് ഇത്തവണ. അറഫയിലെ ജബൽ അൽ റഹ്മക്ക് ചുറ്റുമുള്ള 2,72,000 ചതുരശ്ര മീറ്റർ പ്രദേശം തീർഥാടകർക്ക് ചൂട് കുറക്കുന്നതിനായി നവീകരിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ വെച്ചുപിടിപ്പിച്ചു.
ചൂട് നിയന്ത്രിക്കാനായി ആറായിരത്തിലധികം വാട്ടർ മിസ്റ്റ് സ്പ്രേ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മിനയിൽ 24,000 ചതുരശ്ര മീറ്ററിൽ പുതിയ കൂടാരങ്ങൾ ഒരുക്കുകയും വിശ്രമ കേന്ദ്രങ്ങളുടെ എണ്ണത്തിൽ 220 ശതമാനം വർധനവ് വരുത്തുകയും ചെയ്തു. ഹറം പള്ളിയുടെ മൂന്നാം വിപുലീകരണ ഭാഗം പൂർണമായും പ്രവർത്തനസജ്ജമാക്കിയതും മദീനയിലെ റൗദ ശരീഫിൽ ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം 15,000ൽ നിന്ന് 57,000 ആയി ഉയർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

