മക്ക, മദീന ഹറമുകളിൽ ജുമുഅയിൽ പങ്കെടുത്ത് ഹാജിമാർ
text_fieldsഇന്ത്യൻ ഹാജിമാർ മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുന്നു
മക്ക: മദീനയിലെ പ്രവാചക പള്ളിയിലും മക്ക മസ്ജിദുൽ ഹറാമിലുമായി അരലക്ഷം ഇന്ത്യൻ തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു. പുലർച്ചെ മുതൽ ഹാജിമാർ മക്ക ഹറമിൽ എത്തിത്തുടങ്ങി.ഒമ്പതോടെ മുഴുവൻ ഹാജിമാരെയും ഹറമിൽ എത്തിച്ചു. കടുത്ത സുരക്ഷാ പരിശോധനയിലൂടെയാണ് ഓരോ തീർഥാടകനെയും ഹറമിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹറമിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സുരക്ഷാ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത തീർഥാടകരെ തടയുന്നതിന്റെ ഭാഗമായി മക്കയിൽ വ്യാപകമായ പരിശോധന തുടരുകയാണ്.
തീർഥാടകരാൽ നിറഞ്ഞുകവിയാറുള്ള ഹറം മുറ്റം ഒഴിഞ്ഞുകിടന്നു. ഹജ്ജിന് എത്തിയവർക്ക് മാത്രമാണ് കഅബയുടെ മുറ്റത്തേക്ക് പ്രവേശനം. ഹാജിമാർക്ക് അനായാസം ജുമുഅയിൽ പങ്കെടുക്കാൻ സാധിച്ചു. 42 ഡിഗ്രിക്ക് മുകളിലായിരുന്നു വെള്ളിയാഴ്ച മക്കയിലെ ചൂട്. ഹറമിലേക്ക് ജുമുഅക്ക് എത്തിയ തീർഥാടകരെ സഹായിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പ്രത്യേക സേവനപ്രവർത്തനങ്ങൾ നടത്തി.
വെള്ളവും ജ്യൂസും ഭക്ഷണപൊതികളും വിതരണം ചെയ്തു. മുഴുവൻ ഹാജിമാരും താമസസ്ഥലത്തേക്ക് മടങ്ങിയ ശേഷമാണ് സേവന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. മദീനയിൽ 22,090 ഉം മക്കയിൽ 29,300 ഉം ഇന്ത്യൻ തീർഥാടകരാണ് ഇതുവരെ നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്. കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രിയോടെ ജിദ്ദയിലെത്തി.250 തീർഥാടകർ വീതമാണ് രണ്ട് സൗദി എയർലൈൻസ് വിമാനങ്ങളിലായി എത്തിയത്. കൊച്ചിയിൽനിന്നുള്ള ഹാജിമാരുടെ വരവ് ഈ മാസം 30 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

