ലക്ഷദ്വീപ് ഹാജിമാർ മക്കയിലെത്തി
text_fieldsമക്ക: ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിൽ എത്തി ഉംറ നിർവഹിച്ചു. 149 തീർഥാടകരാണ് കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിനെത്തിയത്. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ചെറുദ്വീപകൾ നിന്നുള്ള ഹാജിമാര്‍ കൊച്ചി വഴിയാണ് സൗദിയിലെത്തിയത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും ഹാജിമാർ വന്നത്. ലക്ഷദ്വീപിലെ ജനവാസമുള്ള മിനിക്കോയ്, അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കിൽത്താൻ, മിനിക്കോയ് എന്നീ 10 ചെറു ദ്വീപുകളിൽനിന്നാണ് 149 ഹാജിമാരും ഒരു വളൻറിയറും വന്നത്.
ദ്വീപിൽ ഹജ്ജ് കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച അനിശ്ചിതത്വം ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് വരവ്. പലർക്കും യാത്ര പുറപ്പെടുന്നതിന്റെ അവസാന നിമിഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് സംഘത്തിലുള്ള തീർഥാടകന്‍ അഹ്മദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ദ്വീപിൽ പല ജോലികളിൽനിന്ന് പിരിച്ചുവിടൽ സാമ്പത്തിക ഞെരുക്കം തുടങ്ങിയവ ഇത്തവണ ഹജ്ജ് അപേക്ഷകൾ കുറയാൻ ഇടയാക്കിയതായും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ഒരുക്കിയ രണ്ട് കപ്പലുകളിൽ ഒമ്പത് ദ്വീപികളിൽ നിന്നും തീർഥാടകരെ കയറ്റി ജൂൺ നാലിന് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിൽ നിന്ന് ജൂൺ ഒമ്പതിന് ഹാജിമാർ മദീനയിൽ എത്തി മദീനാ സന്ദർശനം പൂർത്തിയാക്കിയ ഹാജിമാർ മക്കയിൽ എത്തി ഉംറ നിർവഹിച്ചു.
ഇപ്പോൾ മക്കയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് അസീസിയയിലെ ബിൻ ഹുമൈദ് ബിൽഡിങ് 167 ലാണ് ഇവർക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഹജ്ജിനു ശേഷം ജൂലൈ 19ന് ജിദ്ദ വഴിയാവും ഇവരുടെ മടക്കം ദ്വീപ് ഹാജിമാരെ കെ.എം.സി.സി അടക്കമുള്ള വളൻറിയർമാർ മക്കയിലെ ബിൽഡിങ്ങിൽ സ്വീകരിച്ചു.