ജിദ്ദ വഴിയും ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങി, ആദ്യമെത്തിയത് ബംഗ്ലാദേശി സംഘം
text_fieldsജിദ്ദ: മദീനയിൽ ആദ്യ ഇന്ത്യൻ ഹജ്ജ് തീർഥാടക സംഘം എത്തിയതിന് പിന്നാലെ ജിദ്ദ വഴിയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകർ എത്തിത്തുടങ്ങി. ബംഗ്ലാദേശിൽനിന്നുള്ള 396 തീർഥാടകരാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ എത്തിയത്. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലെ അൽ ജാസിറും ഉദ്യോഗസ്ഥരും ചേർന്ന് വരവേറ്റു.
പിന്നീട് പാകിസ്താനിൽനിന്നുള്ള തീർഥാടകസംഘവും എത്തി. വിവിധ സുരക്ഷാ ഏജൻസികളുടെയും സ്വകാര്യ മേഖലയിലെ പങ്കാളികളുടെയും സംയോജിത സേവന സംവിധാനത്തിലൂടെ, ഈ സീസണിലെ ആദ്യ ഹജ്ജ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി അൽ-ജാസർ പറഞ്ഞു. അല്ലാഹുവിെൻറ അതിഥികളെ സേവിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സുരക്ഷിതവും സുഗമവുമായ ഗതാഗത അനുഭവം നൽകുന്നതിനും ഗതാഗത ലോജിസ്റ്റിക്സ് സംവിധാനത്തിെൻറ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തണമെന്ന സൗദി ഭരണകൂടത്തിെൻറ നിർദേശാനുസരണം എല്ലാം സജ്ജമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ ഹജ്ജ് തീർഥാടകരുടെ സേവനത്തിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപ്പോർട്ട്, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപ്പോർട്ട്, യാംബു പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് എയർപ്പോർട്ട്, ത്വാഇഫ് ഇൻറർനാഷനൽ എയർപ്പോർട്ട്, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട്, ദമ്മാം കിങ് ഫഹദ് ഇൻറർനാഷനൽ എയർപ്പോർട്ട് എന്നിവയാണ് അവ.
ദുൽ ഹജ്ജ് മാസാരംഭം വരെ വരും ദിവസങ്ങളിൽ വിമാന സർവിസുകൾ തുടരുമെന്നും തീർഥാടകരുടെ വരവ് മുതൽ പുറപ്പെടൽ വരെയുള്ള യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംയോജിത സേവന സംവിധാനത്തിലൂടെ ഇരു ഹറമുകളെയും അല്ലാഹുവിെൻറ അതിഥികളെയും സേവിക്കുന്നതിൽ രാജ്യത്തിെൻറ മുൻനിര സ്ഥാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

