ഹജ്ജ് തീർഥാടനം; സമഗ്ര പദ്ധതികളുമായി മക്ക മുനിസിപ്പാലിറ്റി; 22,000 ഫീൽഡ് ജീവനക്കാരെ വിന്യസിച്ചു
text_fieldsഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും കാലാവധിയും പരിശോധിക്കുന്ന മക്ക
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ
മക്ക: ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി മക്കയിലും പുണ്യസ്ഥലങ്ങളിലും വിപുലമായ ഒരുക്കങ്ങളുമായി മക്ക മുനിസിപ്പാലിറ്റി. ദൈവത്തിെൻറ അതിഥികളായി എത്തുന്ന തീർഥാടകർക്ക് തടസ്സമില്ലാത്തതും മികച്ചതുമായ മുൻസിപ്പൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ സമഗ്രമായ പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. തീർഥാടന മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 22,000-ത്തിലധികം ഫീൽഡ് ജീവനക്കാരെയാണ് മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുള്ളത്. ഏത് അടിയന്തര സാഹചര്യങ്ങളോടും ഉടനടി പ്രതികരിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ഇവർ 24 മണിക്കൂറും ഷിഫ്റ്റുകളായി ജോലി ചെയ്യും.
ഫീൽഡ് ജീവനക്കാരുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി 3,000-ത്തിലധികം അത്യാധുനിക യന്ത്രങ്ങളും വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ പരിശോധനകൾ കർശനമാക്കി. ഇതിെൻറ ഭാഗമായി അഞ്ച് സ്ഥിരം-മൊബൈൽ ലബോറട്ടറികൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭക്ഷണശാലകളിൽ നിന്നും വിതരണ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന 1,300-ലധികം സാമ്പിളുകൾ പ്രതിദിനം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ അത്യാധുനിക ലാബുകൾക്ക് സാധിക്കും. തീർഥാടന കേന്ദ്രങ്ങളിലെയും മക്കയിലെ പ്രധാന പ്രദേശങ്ങളിലെയും ശുചിത്വം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
13,000-ത്തിലധികം ശുചീകരണ തൊഴിലാളികളെയാണ് ഇതിനായി മാത്രം വിന്യസിച്ചിരിക്കുന്നത്. കൂടാതെ, പുണ്യസ്ഥലങ്ങളിലും മക്കയിലെ കേന്ദ്ര മേഖലകളിലുമായി 88,000 വേസ്റ്റ് ബിന്നുകളും, മാലിന്യങ്ങൾ കുന്നുകൂടുന്നത് തടഞ്ഞ് ദ്രുതഗതിയിൽ നിർമ്മാർജ്ജനം ചെയ്യാൻ ശേഷിയുള്ള 1,235 അത്യാധുനിക കംപ്രസർ ബോക്സുകളും സ്ഥാപിച്ചു കഴിഞ്ഞു. ഫീൽഡ് തല സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി വിവിധയിടങ്ങളിലായി 66 മുനിസിപ്പൽ സർവിസ് സെന്ററുകൾ സജീവമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 95 എമർജൻസി ടീമുകളെയും വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇത്തവണത്തെ ഹജ്ജ് പ്ലാനിലെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനും പ്രകടനക്ഷമത വിലയിരുത്തുന്നതിനുമായി ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും സ്മാർട്ട് സംവിധാനങ്ങളുമാണ് മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത്.
ഹജ്ജ് തീർഥാടകർക്ക് വിപുലമായ ആരോഗ്യസുരക്ഷ
- രണ്ടു ലക്ഷത്തിലധികം സേവനങ്ങൾനൽകിയതായി ആരോഗ്യ മന്ത്രാലയം 138 ശസ്ത്രക്രിയകൾ പൂർത്തിയായി
മക്ക: സൗദി ആരോഗ്യ മന്ത്രാലയം ഹജ്ജ് തീർഥാടകർക്കായി വിഷൻ 2030-െൻറ ഭാഗമായുള്ള വിവിധ പദ്ധതികൾ മുൻനിർത്തി വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. ഹജ്ജ് സീസണിെൻറ തുടക്കം മുതൽ ദുൽഹജ്ജ് ഒന്ന് വരെ 2,12,000 ആരോഗ്യ സേവനങ്ങളാണ് മന്ത്രാലയം നൽകിയത്. പുണ്യസ്ഥലങ്ങളിൽ വിന്യസിച്ച ദ്രുതകർമ ഫീൽഡ് മെഡിക്കൽ സംഘങ്ങൾ, കടുത്ത ചൂടുമൂലം സൂര്യാതപം ഉണ്ടായ 10 പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. കൂടാതെ, 937 എന്ന ഏകീകൃത കോൾ സെന്റർ വഴി 11,000 ഫോൺ കോളുകൾ കൈകാര്യം ചെയ്തു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 21,000-ത്തിലധികം തീർഥാടകർ പ്രാഥമിക-അടിയന്തിര കേന്ദ്രങ്ങളെയും, 14,600 പേർ എമർജൻസി വിഭാഗങ്ങളെയും, 1,711 പേർ ഒപി വിഭാഗങ്ങളെയും പ്രയോജനപ്പെടുത്തി. വിവിധ ആരോഗ്യപ്രശ്നങ്ങളാൽ 2,150 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്കായി 138 ജീവൻരക്ഷാ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി; ഇതിൽ 87 എണ്ണം ഹൃദയസംബന്ധമായ കാഥെറ്ററൈസേഷനും 7 എണ്ണം ഓപൺ ഹാർട്ട് ശസ്ത്രക്രിയകളുമാണ്. മുൻകൂട്ടി തയാറാക്കിയ പദ്ധതികളിലൂടെ ലോകോത്തര നിലവാരത്തിലുള്ള സുരക്ഷിതമായ ചികിത്സ ഹജ്ജ് സീസൺ ഉടനീളം ഉറപ്പാക്കുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

