ഹജ്ജ് തീർഥാടനം; വിപുലമായ ഗതാഗത-ലോജിസ്റ്റിക്സ് സജ്ജീകരണങ്ങൾ
text_fieldsമക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ പുണ്യഭൂമിയിലെത്തുന്ന തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കാൻ വിപുലമായ കർമപദ്ധതികൾ ഒരുക്കി സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രാലയം. വ്യോമ, കര, റെയിൽ, കടൽ തുടങ്ങി എല്ലാ ഗതാഗത സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മികച്ച സേവനങ്ങളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.
തീർഥാടകരുടെ വരവിനായി സിവിൽ ഏവിയേഷൻ അതോറിറ്റി 31 ലക്ഷത്തിലധികം സീറ്റുകൾ അനുവദിച്ചു കഴിഞ്ഞു. 12,000-ത്തിലധികം ഷെഡ്യൂൾഡ്, ചാർട്ടർ വിമാനങ്ങളിലായാണ് തീർഥാടകർ എത്തുക. എയർപോർട്ട് ഹോൾഡിങ് കമ്പനിയുടെ കീഴിൽ ആറ് പ്രധാന വിമാനത്താവളങ്ങൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാനായി 22,000-ത്തോളം ജീവനക്കാരുടെ സേവനം വിമാനത്താവളങ്ങളിൽ ഉറപ്പുവരുത്തും. സൗദി എയർലൈൻസ് 10 ലക്ഷത്തിലധികം സീറ്റുകൾ നീക്കിവെച്ചപ്പോൾ, ഫ്ലൈനാസ് 20 ലക്ഷ്യസ്ഥാനങ്ങളിൽ നിന്നായി 1,47,000 തീർഥാടകരെ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.
സേവന നിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സൂപ്പർവൈസറി ടീമുകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തും. തീർഥാടകരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി റെയിൽവേ രംഗത്ത് വലിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മിന, മുസ്ദലിഫ, അറഫ എന്നിവയെ ബന്ധിപ്പിച്ച് 2,000 സർവീസുകളിലായി 20 ലക്ഷം യാത്രക്കാർക്ക് മശാഇർ ട്രെയിൻ യാത്രാസൗകര്യം ഒരുക്കും. ഹറമൈൻ എക്സ്പ്രസ് മക്കയ്ക്കും മദീനയ്ക്കും ഇടയിൽ 5,300 സർവീസുകളിലായി 22.1 ലക്ഷം സീറ്റുകൾ ലഭ്യമാക്കും.
റോഡ് ഗതാഗതത്തിനായി പൊതുഗതാഗത അതോറിറ്റിക്ക് കീഴിൽ 33,000 അത്യാധുനിക ബസുകളും 5,000 ടാക്സികളും നിരത്തിലിറങ്ങും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 180 ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രവേശന കവാടങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തും. തീർഥാടകരുടെ ലഗേജ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാൻ ‘നോ ലഗേജ്’ സംരംഭം വിപുലീകരിച്ചു.
താമസസ്ഥലങ്ങളിൽ നിന്ന് നേരിട്ട് ബാഗേജ് ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. സംസം വാട്ടർ കണ്ടെയ്നറുകൾക്കുള്ള പ്രീ-ഷിപ്പ്മെൻറ് സേവനവും ഈ വർഷം വിപുലമാക്കിയിട്ടുണ്ട്. ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കായി സൗദി പോസ്റ്റ് 100 ട്രക്കുകളും 65 പാഴ്സൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തുന്നവർക്കായി ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ലഭ്യമാക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രവും അടിയന്തര പ്രതികരണ സംഘങ്ങളും 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

