ഹജ്ജ് മടക്കയാത്ര; ആറ് വിമാനത്താവളങ്ങളിൽ ഒരുക്കം പൂർത്തിയായതായി സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ മടക്കയാത്രക്കായി സൗദി അറേബ്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ദുൽഹജ്ജ് 13-ന് ആരംഭിച്ച മടക്കയാത്ര വരുംവർഷം മുഹറം 15 വരെ നീളും. തീർഥാടകരുടെ മടക്കയാത്ര എളുപ്പവും സുഗമവുമാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.
മുൻ വർഷങ്ങളിലേതുപോലെ ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് എട്ട് വരെയുള്ള കാലയളവിൽ 14 ലക്ഷം തീർഥാടകരെയാണ് രാജ്യം സ്വീകരിച്ചത്. തീർഥാടകർക്കായി സമർപ്പിച്ചിരിക്കുന്ന ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ നടപ്പാക്കിയ സംയോജിത പ്രവർത്തന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമായത്. ജിദ്ദ, മദീന, യാംബു, ത്വാഇഫ്, റിയാദ്, ദമ്മാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഈ പ്രത്യേക പ്രവർത്തന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
മടക്കയാത്ര സുഗമമാക്കുന്നതിനും എയർപോർട്ടുകളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുമായും ഓപറേറ്റിങ് ഏജൻസികളുമായും സഹകരിച്ച് ‘എയർപോർട്ട്സ് ഹോൾഡിങ്’ പ്രത്യേക സംയോജിത പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
തീർഥാടകരെ സ്വീകരിക്കുന്നതിനായി ഈ വിമാനത്താവളങ്ങളിലായി ആകെ 13 ട്രാവൽ ലോഞ്ചുകൾ സജ്ജീകരിച്ചിരിക്കുന്നു. 22,000-ത്തിലധികം പുരുഷ-വനിതാ ജീവനക്കാരാണ് 24 മണിക്കൂറും പ്രവർത്തനക്ഷമതയും വേഗതയും ഉറപ്പാക്കാൻ വിമാനത്താവളങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്.
തീർഥാടകരുടെ സൗകര്യാർഥം ഉന്നത നിലവാരത്തിലുള്ള നിരവധി ഡിജിറ്റൽ-ലോജിസ്റ്റിക് സേവനങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ലഗേജ് രഹിത’ യാത്രാസേവനം. ഈ സംവിധാനത്തിലൂടെ തീർഥാടകർക്ക് തങ്ങളുടെ താമസസ്ഥലത്തുനിന്ന് തന്നെ ലഗേജുകൾ നേരിട്ട് സ്വന്തം നാട്ടിലെ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് അയക്കാൻ സാധിക്കും. ഇത് വിമാനത്താവളങ്ങളിലെ യാത്രാ നടപടിക്രമങ്ങൾ ഗണ്യമായി വേഗത്തിലാക്കാൻ സഹായിക്കും. ഇതോടൊപ്പം സംസം കുപ്പികൾക്കായി പ്രീ-ഷിപ്പ്മെൻറ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സർക്കാർ-സേവന മേഖലകളുടെ ഏകോപനത്തോടെ എല്ലാ മാനുഷിക-സാങ്കേതിക മികവും ഉപയോഗപ്പെടുത്തിയാണ് ഇത്തവണത്തെ ഹജ്ജ് മടക്കയാത്ര സുരക്ഷിതമാക്കാൻ അതോറിറ്റി ഒരുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

