ഹജ്ജ് പെർമിറ്റുകൾ ഇനി ‘തവക്കൽന’ വഴി മലയാളം ഉൾപ്പെടെ 19 ഭാഷകളിൽ സേവനം
text_fieldsമക്ക: സമഗ്ര ദേശീയ ഡിജിറ്റൽ ആപ്ലിക്കേഷനായ ‘തവക്കൽന’ വഴി ഹജ്ജ് തീർഥാടകർക്കുള്ള പെർമിറ്റ് വിവരങ്ങൾ ലഭ്യമാകുന്നു. തീർഥാടകർക്ക് ഏറെ ആശ്വാസകരമാകുന്ന വിവിധ ഡിജിറ്റൽ സേവനങ്ങളാണ് ഈ ആപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് ചെയ്യാനുള്ള അനുമതിപത്രം എളുപ്പത്തിൽ പരിശോധിക്കുന്നതിനും, വിവിധ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർഥാടകർക്ക് പുറമെ, മക്കയിലെ താമസക്കാർ, വിവിധ മേഖലകളിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ എന്നിവരും ‘തവക്കൽന’ ആപ്പിെൻറ ഗുണഭോക്താക്കളാണ്. മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും പ്രവേശനവും യാത്രകളും സുഗമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ഹജ്ജ് സീസൺ പെർമിറ്റുകൾ ആപ്പ് വഴി പരിശോധിക്കാവുന്നതാണ്.
തീർഥാടകരുടെ പെർമിറ്റുകൾ, മക്കയിൽ താമസിക്കുന്ന തൊഴിലാളികൾക്കുള്ള പ്രവേശനാനുമതി പത്രം, പുണ്യസ്ഥലങ്ങളിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക അനുമതി പത്രം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കുമുള്ള പ്രവേശനാനുമതി, തീർഥാടകരെ സേവിക്കുന്ന വളൻറിയർമാർക്കുള്ള പാസുകൾ, ഹജ്ജ് സർവീസ് നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റുകൾ എന്നിവയെല്ലാം ഇനിമുതൽ ഈ ഒരൊറ്റ ആപ്പിലൂടെ പരിശോധിക്കാൻ കഴിയും. വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കും സ്വദേശികൾക്കും വിദേശി താമസക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ പാകത്തിൽ മലയാളം ഉൾപ്പെടെ 19 ഭാഷകളിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യൽ, പ്രഫഷനൽ, ടൂറിസം, വിനോദം തുടങ്ങിയ വിവിധ മേഖലകളിൽ 350-ലധികം സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് 1,300-ലേറെ സേവനങ്ങളാണ് നിലവിൽ തവക്കൽനയിലൂടെ നൽകുന്നത്. ആപ്പിൾ ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ, ആപ് ഗാലറി, ഗാലക്സി സ്റ്റോർ എന്നീ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് ഈ ആപ് ഡൗൺലോഡ് ചെയ്ത് തീർഥാടകർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. നിലവിൽ 3.6 കോടി ഉപയോക്താക്കൾ തവക്കൽന ആപ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

