ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധം; നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൗദി മന്ത്രാലയം
text_fieldsറിയാദ്: വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമമാക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഔദ്യോഗിക ഹജ്ജ് പെർമിറ്റുകൾ നിർബന്ധമായും കൈവശം വെക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ‘അനുമതിപത്രം ഇല്ലാതെ ഹജ്ജ് ഇല്ല’ എന്ന നിബന്ധന തീർത്ഥാടകർ പൂർണ്ണമായും പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തീർത്ഥാടകരുടെ സുരക്ഷയും ഭദ്രതയും വർദ്ധിപ്പിക്കുന്നതിനൊപ്പം, തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനും വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ കൃത്യമായി ഏകോപിപ്പിക്കാനും ഔദ്യോഗിക പെർമിറ്റുകൾ അനിവാര്യമാണ്. നിശ്ചിത സമയക്രമം അനുസരിച്ച് ഫീൽഡ് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും സന്തുലിതമായ രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ഇത്തരം ചട്ടങ്ങൾ പാലിക്കുന്നത് തീർത്ഥാടകർക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ കർമ്മങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ഹജ്ജ് പരസ്യങ്ങളിലും ലൈസൻസില്ലാത്ത ഏജൻസികളിലും വഞ്ചിതരാകരുതെന്ന് മന്ത്രാലയം പ്രത്യേക അറിയിപ്പ് നൽകി. ഇത്തരം വ്യാജ പ്രചാരണങ്ങൾ തീർത്ഥാടകരുടെ സുരക്ഷയെ ബാധിക്കുമെന്നും സേവനങ്ങളുടെ കാര്യക്ഷമത കുറയ്ക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകളുമായും ഹജ്ജ് കാര്യ ഓഫീസുകളുമായും സഹകരിച്ച് തീർത്ഥാടകർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് തീർത്ഥാടകരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകോപനം നടക്കുന്നത്. ഹജ്ജ് യാത്രയ്ക്കുള്ള ബുക്കിംഗ് നടത്തുന്നതിന് മുൻപ് തന്നെ പെർമിറ്റുകളുടെ ലഭ്യത പരിശോധിക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

