ഹജ്ജ് കാല സംസം വിതരണപദ്ധതിക്ക് തുടക്കം
text_fieldsമക്ക: ഈ ഹജ്ജ് കാലത്തെ സംസം വിതരണ പദ്ധതിക്ക് തുടക്കം. മക്ക മേഖല സംസം വിതരണ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ആഇദ് ബിൻ ദിർഹം വിതരണം ഉദ്ഘാടംചെയ്തു. ‘സുഖ്യ വളന്റിയർ ഹജ്ജ് ഫോറം’ ഉദ്ഘാടനം പരിപാടിക്കിടെയായിരുന്നു സംസം വിതരണത്തിന്റെയും ഉദ്ഘാടനം. ചടങ്ങിൽ സന്നദ്ധപ്രവർത്തന മേഖലയിലെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു. പുണ്യസ്ഥലങ്ങളിലും ഹറമുകളിലെ പ്രവേശന കവാടങ്ങളിലും മീഖാത്തുകളിലും വിമാനത്താവളങ്ങളിലും തീർഥാടകർക്ക് 1.5 കോടി കുപ്പി ശീതീകരിച്ച വെള്ളം വിതരണം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തീർഥാടകരെ സേവിക്കുന്നതിനായി സൽമാൻ രാജാവ് നടത്തുന്ന ശ്രമങ്ങളെ ആഇദ് ബിൻ ദിർഹം പ്രശംസിച്ചു.
‘വിഷൻ 2030’ന് അനുസൃതമായി തീർഥാടകർക്കുള്ള സേവന പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലാഭേച്ഛയില്ലാത്ത മേഖല നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം ശ്ലാഘിച്ചു. പുണ്യസ്ഥലങ്ങളിൽ 40 അടി ശേഷിയുള്ളതും ഉയർന്നനിലയിൽ തണുപ്പ് നിലനിർത്തുന്നതുമായ 15 റഫ്രിജറേറ്ററുകൾ സ്ഥാപിക്കും.
വാട്ടർ ആൻഡ് സപ്ലൈ കമ്മിറ്റിയുമായി ചേർന്നാണ് റഫ്രിജറേറ്ററുകൾ ഒരുക്കുന്നത്. സംസത്തിന്റെ 57,600 ശീതള പാനീയക്കുപ്പികൾ ഇവയിൽ ഉൾക്കൊള്ളാൻ കഴിയും. തീർഥാടകരെ സേവിക്കുന്നതിനായുള്ള സന്നദ്ധപ്രവർത്തക സംഘങ്ങളാണ് കുപ്പികൾ വിതരണം ചെയ്യുക. കൂടാതെ മക്കയുടെ മധ്യഭാഗത്ത് 19,200 കുപ്പി തണുത്ത വെള്ളം നിറക്കാൻ ശേഷിയുള്ള 34 ചെറിയ കൂളറുകൾ ഒരുക്കിയതായും ബിൻ ദിർഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

