ഹജ്ജ് പാക്കേജ് ‘ഡി’ റദ്ദാക്കും
text_fieldsസൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ
മക്ക: തീർഥാടകർക്കായി നിലവിലുള്ള ഹജ്ജ് പാക്കേജ് ‘ഡി’ റദ്ദാക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം തീരുമാനിച്ചു. പകരം, തീർഥാടകർക്ക് ലഭ്യമാകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് മൂന്ന് പുതിയ വിഭാഗങ്ങളിലായി പാക്കേജുകൾ പരിഷ്കരിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രഖ്യാപിച്ചു.
മക്കയിൽ മന്ത്രാലയം സംഘടിപ്പിച്ച വാർഷിക സമാപന ചടങ്ങിൽ സംസാരിക്കവെയാണ് വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള നിർണായക വികസന പദ്ധതികൾ അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകൾക്കായുള്ള പ്രാരംഭ ക്രമീകരണ രേഖയും ചടങ്ങിൽ മന്ത്രി അവതരിപ്പിച്ചു.
പുതിയ പരിഷ്കാരത്തിെൻറ ഭാഗമായി തീർഥാടകരുടെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായ രീതിയിലായിരിക്കും മൂന്ന് പുതിയ വിഭാഗങ്ങളിലുള്ള പാക്കേജുകൾ രൂപകൽപ്പന ചെയ്യുക. പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലെയും മദീനയിലെയും താമസ സൗകര്യം, തീർഥാടനത്തിലുടനീളമുള്ള നിർബന്ധിത ഗതാഗത-കാറ്ററിങ് സേവനങ്ങൾ എന്നിവ കോർത്തിണക്കിയുള്ള ഒരു സമഗ്ര പാക്കേജായിരിക്കും ഇത്.
ഹജ്ജ് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടിയും മന്ത്രാലയം ആരംഭിക്കുന്നുണ്ട്. വരാനിരിക്കുന്ന ഹജ്ജ് പ്രവർത്തനങ്ങൾക്കുള്ള വിസ ലഭിക്കുന്നതിന് ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കൽ നിർബന്ധിത വ്യവസ്ഥയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ ടൈംടേബിൾ പ്രകാരം, അടുത്ത ഹജ്ജ് സീസണിലേക്ക് മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങൾ മുൻഗണനാക്രമത്തിൽ അനുവദിക്കുന്നതിനുള്ള നടപടികൾ ജൂൺ 30 മുതൽ ഹജ്ജ് അഫയേഴ്സ് ഓഫീസുകൾക്കും വിദേശ ഹജ്ജ് കമ്പനികൾക്കുമായി ആരംഭിക്കും. കൂടാതെ, നിലവിൽ പുണ്യസ്ഥലങ്ങളിൽ തങ്ങൾക്കുള്ള സ്ഥലങ്ങൾ തന്നെ വരും വർഷങ്ങളിലും നിലനിർത്താൻ ആഗ്രഹിക്കുന്ന ഓഫീസുകൾക്ക് പ്രത്യേക മുൻഗണന നൽകും. എന്നാൽ ഇതിനായി ആഗസ്റ്റ് 13-നകം തന്നെ സമഗ്ര പാക്കേജ് കരാറുകൾ പൂർത്തിയാക്കണമെന്ന് ഹജ്ജ് മന്ത്രി വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

