സൗദിയിൽനിന്നുള്ള തീർഥാടകരുടെ ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ചു; വിശദ വിവരങ്ങൾ അറിയാം
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിന് തയാറെടുക്കുന്ന ആഭ്യന്തര തീർഥാടകർക്കായുള്ള പാക്കേജ് ബുക്കിങ് ഘട്ടം ആരംഭിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ റമദാൻ ആറിന് ആരംഭിച്ച ഡാറ്റാ രജിസ്ട്രേഷൻ നടപടികളുടെ തുടർച്ചയായാണ് ഈ ഘട്ടം. തീർഥാടകർക്ക് തങ്ങൾക്കിഷ്ടപ്പെട്ട പാക്കേജുകൾ തിരഞ്ഞെടുക്കാനും പണമടയ്ക്കാനും ഇപ്പോൾ സൗകര്യമുണ്ട്.
അപേക്ഷകർക്ക് നുസുക് (Nusuk) ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പാക്കേജുകൾ പരിശോധിക്കാവുന്നതാണ്. തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ബുക്കിങ് ഇൻവോയ്സ് തയാറാക്കാം. തുടർന്ന് ‘സദാദ്’ (Sadad) സിസ്റ്റം വഴി പണമടച്ച് ബുക്കിങ് പൂർത്തിയാക്കാം. സീറ്റുകൾ സുതാര്യമായും തുല്യമായും വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പൂർണ്ണമായ ഡിജിറ്റൽ സംവിധാനമാണിത്.
പേമെന്റ് നടത്തുന്ന കാര്യത്തിൽ തീർഥാടകർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ദുൽഖഅദ് 27 വരെ ബുക്കിങ് ഇൻവോയ്സ് ജനറേറ്റ് ചെയ്താൽ പണമടയ്ക്കാൻ 72 മണിക്കൂർ സമയം ലഭിക്കും. ദുൽഖഅദ് 28 മുതൽ ഈ സമയപരിധി ആറ് മണിക്കൂറായി കുറയും. നിശ്ചിത സമയത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ബുക്കിങ് സ്വയമേവ റദ്ദാക്കപ്പെടുന്നതാണ്.
ബുക്കിങ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി അതായത് ശവ്വാൽ 30 വരെ തുക കിഴിവില്ലാതെ തന്നെ ബുക്കിങ് റദ്ദാക്കാം. പെർമിറ്റ് അനുവദിച്ച ശേഷം റദ്ദാക്കുകയാണെങ്കിൽ അപേക്ഷ നൽകുന്ന തീയതി അനുസരിച്ച് നിശ്ചിത തുക കുറച്ചായിരിക്കും റീഫണ്ട് നൽകുക. ദുൽഹജ്ജ് ഒന്ന് മുതൽ പ്ലാറ്റ്‌ഫോം അടയ്ക്കുന്നത് വരെയുള്ള സമയത്ത് റദ്ദാക്കുന്ന അപേക്ഷകൾക്ക് യാതൊരുവിധ റീഫണ്ടും ലഭിക്കില്ല.
തീർഥാടകർ പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി കരാർ വ്യവസ്ഥകളും സേവനങ്ങളും കൃത്യമായി വായിച്ചു മനസ്സിലാക്കണം. എല്ലാ നടപടിക്രമങ്ങളും nusuk.sa വെബ്‌സൈറ്റ് വഴിയോ നുസുക് ആപ് വഴിയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഏകീകൃത കാൾ സെൻറർ നമ്പറായ 1966ൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

