ഇതുവരെ എട്ടുലക്ഷത്തിലധികം ഹജ്ജ് തീർഥാടകർ പുണ്യഭൂമിയിലെത്തി -ഹജ്ജ് മന്ത്രി
text_fieldsഹജ്ജ് ഒരുക്കവുമായി ബന്ധപ്പെട്ട് റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ സംസാരിക്കുന്നു
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇതുവരെ 860,000-ലധികം തീർത്ഥാടകർ വിശുദ്ധ ഭൂമിയിൽ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു. റിയാദിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഹജ്ജ് ഒരുക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്.
ഇതിൽ 820,000 പേർ വിമാനമാർഗമാണ് എത്തിയത്. വിശിഷ്ടമായ ‘മക്ക റൂട്ട്’ പദ്ധതിയിലൂടെ 240,000 തീർത്ഥാടകർ എത്തിയപ്പോൾ, കരമാർഗം 35,000 പേരും കടൽമാർഗം 4000-ലധികം പേരും വിശുദ്ധ ഭൂമിയിൽ പ്രവേശിച്ചു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നേരിട്ടുള്ള മേൽനോട്ടത്തിൽ, തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ നൂറിലധികം പുതിയ പദ്ധതികളാണ് ഇത്തവണ നടപ്പാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഡിജിറ്റൽ രംഗത്തും സേവന മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാണ് മന്ത്രാലയം കൊണ്ടുവന്നിട്ടുള്ളത്. വിമാനത്താവളങ്ങളിൽ തീർത്ഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മുൻപ് എടുത്തിരുന്ന 120 മിനിറ്റ് എന്ന ദൈർഘ്യം ഇത്തവണ കേവലം 15 മിനിറ്റായി കുറച്ചു. എല്ലാ തീർത്ഥാടകർക്കും ‘നുസ്‌ക്’ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തതായും 126 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇടനിലക്കാരില്ലാതെ 30-ലധികം സൗദി കമ്പനികളിൽ നിന്ന് നേരിട്ട് സേവനങ്ങൾ ബുക്ക് ചെയ്യാൻ നസ്‌ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള അഞ്ച് കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഇത്തവണ 130ഓളം ഡിജിറ്റൽ സേവനങ്ങളാണ് നൽകുന്നത്. കൂടാതെ, തീർത്ഥാടകരുടെ ഭാരം കുറയ്ക്കുന്നതിനായി ‘ഹജ്ജ് വിത്തൗട്ട് ബാഗ്’ പദ്ധതി ഇത്തവണ എല്ലാ വിദേശ തീർത്ഥാടകർക്കുമായി വ്യാപിപ്പിച്ചു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിെൻറ നേതൃത്വത്തിൽ 60-ലധികം സർക്കാർ വകുപ്പുകൾ ഏകോപിതമായാണ് നിലവിൽ ഹജ്ജ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വികസന പ്രവർത്തനങ്ങളിൽ നൂറ് ശതമാനം വർധനവുണ്ടായിട്ടുണ്ട്. അറഫയിലെ ജബൽ അൽ റഹ്മക്ക് ചുറ്റുമുള്ള 272,000 ചതുരശ്ര മീറ്റർ പ്രദേശം തീർത്ഥാടകർക്ക് ചൂട് കുറയ്ക്കുന്നതിനായി നവീകരിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്.
മിനയിൽ 24,000 ചതുരശ്ര മീറ്ററിൽ പുതിയ കൂടാരങ്ങൾ സജ്ജീകരിച്ചതിനൊപ്പം വിശ്രമ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഇരുന്നൂറ്റി 20 ശതമാനം വർധനവും വരുത്തി. പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പുണ്യസ്ഥലങ്ങളിൽ 60,000 മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചൂട് കുറയ്ക്കാനായി ആറായിരത്തിലധികം വാട്ടർ മിസ്റ്റ് സ്പ്രേ പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹറം പള്ളിയുടെ മൂന്നാം സൗദി വിപുലീകരണ ഭാഗം പൂർണമായും പ്രവർത്തനസജ്ജമാക്കിയതായും മദീനയിലെ റൗദ ശരീഫിൽ ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം പതിനയ്യായിരത്തിൽ നിന്ന് 57,000 ആയി ഉയർത്തിയതായും മന്ത്രി തൗഫീഖ് അൽ റബീഅ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

