മികച്ച സംഘാടനത്തിലൂടെ ഹജ്ജ് ക്ലേശങ്ങൾ ലഘൂകരിക്കും: പൊതുസുരക്ഷ മേധാവി
text_fieldsഗ്രാൻഡ് ഹജ്ജ് സിമ്പോസിയത്തിൽ പൊതുസുരക്ഷ ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി സംസാരിക്കുന്നു
ജിദ്ദ: മികച്ച ആസൂത്രണത്തിലൂടെയും ഉയർന്ന നിലവാരത്തിലുള്ള സംഘാടനത്തിലൂടെയും ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഗണ്യമായി ലഘൂകരിക്കാൻ സാധിക്കൂമെന്ന് പൊതുസുരക്ഷാ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പ്രസ്താവിച്ചു. ഹജ്ജ് സേവനങ്ങളിലുണ്ടായ ശ്രദ്ധേയമായ പുരോഗതിയും തീർഥാടകരുടെ മെച്ചപ്പെട്ട അനുഭവങ്ങളും ഇന്ന് എല്ലാവർക്കും വ്യക്തമാണെന്ന് ഗ്രാൻഡ് ഹജ്ജ് സിമ്പോസിയത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജ് വേളയിൽ 60ഓളം വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ അറുന്നൂറിലധികം വ്യത്യസ്ത ചുമതലകളാണ് നിർവഹിക്കുന്നത്.
പരമ്പരാഗത ജനക്കൂട്ട മാനേജ്മെൻറ് രീതികളിൽനിന്ന് മാറി, അപകടസാധ്യതകൾ മുൻകൂട്ടി പ്രവചിച്ചുകൊണ്ടുള്ള ആധുനിക സുരക്ഷ സമീപനത്തിലേക്ക് മാറാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത സ്ഥാപനങ്ങൾ തമ്മിലുള്ള കൃത്യമായ ഏകോപനവും സഹകരണവുമാണ് ഹജ്ജ് നിർവഹണത്തിലെ വെല്ലുവിളികളെ വിജയകരമായി മറികടക്കാൻ സഹായിച്ചത്. തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് തന്നെ മക്കയിൽ ഒരുക്കിയ വിപുലമായ സൗകര്യങ്ങൾ വരാനിരിക്കുന്ന ഹജ്ജ് പദ്ധതികളുടെ വിജയത്തെക്കുറിച്ചുള്ള വലിയ ശുഭാപ്തിവിശ്വാസമാണ് നൽകുന്നത്. തീർഥാടകരുടെ സാങ്കേതികവും പ്രായോഗികവുമായ ഫീൽഡ് അനുഭവങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി അറുപതിലധികം ഏജൻസികളാണ് പരസ്പരം സഹകരിച്ച് ഫീൽഡിൽ പ്രവർത്തിക്കുന്നത്. ജനക്കൂട്ട നിയന്ത്രണം, സുരക്ഷ ക്രമീകരണങ്ങൾ, ഹജ്ജ് ആസൂത്രണം എന്നിവ പൊതുജനങ്ങൾ കരുതുന്നത് പോലെ ലളിതമല്ലെന്നും, എന്നാൽ കൃത്യമായ ആസൂത്രണമുള്ളതിനാൽ അവ സങ്കീർണമല്ലെന്നും പൊതുസുരക്ഷ മേധാവി കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയിലൂടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സൗദി ആഗോള മാതൃക: ഹജ്ജ് മന്ത്രി
ജിദ്ദയിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് ഹജ്ജ് സിമ്പോസിയ’ത്തിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: ആസൂത്രണം, വികസനം, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ച് ജനക്കൂട്ട മാനേജ്മെൻറിലും മാനുഷിക സേവനങ്ങളിലും സൗദി അറേബ്യ ലോകത്തിന് മികച്ച മാതൃകയാണെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രസ്താവിച്ചു. ജിദ്ദയിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് ഹജ്ജ് സിമ്പോസിയ’ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 50 വർഷത്തിലേറെയായി ഹജ്ജ് നിർവഹണരംഗം കൈവരിച്ച മാറ്റങ്ങളാണ് ഈ വർഷത്തെ സിമ്പോസിയം ചർച്ച ചെയ്യുന്നത്. പരിമിതമായ സ്ഥലത്തും സമയത്തിലും ലക്ഷക്കണക്കിന് തീർഥാടകരുടെ യാത്ര നിയന്ത്രിക്കുന്നതിലും വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഈ നൂതന സംവിധാനം നിർണായക പങ്ക് വഹിക്കുന്നു.
വെല്ലുവിളികളെ നേരിട്ടിരുന്ന മുൻകാല രീതിയിൽ നിന്ന്, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അടിസ്ഥാനമാക്കിയുള്ള ആധുനിക രീതിയിലേക്ക് ഹജ്ജ് സംവിധാനം മാറിയിട്ടുണ്ട്. ഇത് പ്രവർത്തന കാര്യക്ഷമതയും സേവന നിലവാരവും വർധിപ്പിച്ചതായും, തീർഥാടകർക്ക് സമാധാനത്തോടെ ഹജ്ജ് നിർവഹിക്കാൻ വഴിയൊരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൗദി ഭരണകൂടത്തിെൻറ നിരന്തരമായ ശ്രദ്ധയാണ് ഈ നേട്ടത്തിന് പിന്നിലെന്നും, ഹജ്ജ് സേവന വികസനത്തെക്കുറിച്ച് കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന ശാസ്ത്രീയ സംവാദങ്ങളുടെ തുടർച്ചയാണ് ഈ സിമ്പോസിയമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

