ഹജ്ജ്: മക്ക പ്രവേശന കവാടങ്ങളിൽ അഞ്ച് പാർക്കിങ് സ്ഥലങ്ങള്‍
text_fieldsമക്കയിലെ വാഹന പാർക്കിങ് സൗകര്യം (ഫയൽ ഫോട്ടോ)
ജിദ്ദ: മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് ഹജ്ജ് തീർഥാടകർക്ക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മക്ക മുനിസിപ്പാലിറ്റിക്കു കീഴിലെ ഓപറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗമാണ് മക്ക പ്രവേശന കവാടങ്ങളിൽ 1.88 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അഞ്ച് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നത്. ഹജ്ജ് സീസണിൽ മക്കയിലെയും പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെയും റോഡുകളിലെ തിരക്ക് കുറക്കാനും ചെറിയ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് പ്രവേശന കവാടങ്ങൾക്കടുത്ത് വിശാലമായ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതെന്ന് മക്ക മുനിസിപ്പാലിറ്റി പറഞ്ഞു.
പാർക്കിങ് സ്ഥലങ്ങൾ പരിശോധിച്ച് ഒരുക്കുന്നതിനും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും നിരവധി സാങ്കേതിക ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്. സേവന ഓഫിസുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങൾ സ്ഥലത്തുണ്ടാകും. ഫൂട്പാത്ത് ഒരുക്കൽ, ലൈറ്റിങ്, നമ്പറിടൽ, പാർക്കിങ് സ്ഥലങ്ങൾ തരംതിരിക്കൽ എന്നീ ജോലികൾ പുരോഗമിക്കുകയാണ്. പാർക്കിങ് സ്ഥലങ്ങളിൽ 50000 വാഹനങ്ങളെ സ്വീകരിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.

