റജബ് 15ന് മുമ്പ് ഹജ്ജ് കരാറുകൾ പൂർത്തിയാക്കണം -ഹജ്ജ് മന്ത്രി
text_fieldsസൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ ഹജ്ജ്, ഉംറ സമ്മേളന മന്ത്രിതല സെഷനിൽ സംസാരിക്കുന്നു
ജിദ്ദ: റജബ് 15നു മുമ്പ് ഹജ്ജ് കരാറുകൾ പൂർത്തിയാക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളോട് ആവശ്യപ്പെട്ടു. അടുത്ത ഹജ്ജ് സീസണിനായുള്ള ഒരുക്കം തുടരുന്നതിനും തീർഥാടകരെ സേവിക്കുന്നതിനുള്ള ഏറ്റവും പുതിയ സംഘടനാപരവും പ്രവർത്തനപരവുമായ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിനുമായി വിളിച്ചുചേർത്ത വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസ് മേധാവികളടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മന്ത്രിമാർ, മുഫ്തിമാർ, ഹജ്ജ് കാര്യ ഓഫിസ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയം ഉറപ്പാക്കുന്നതിൽ ഹജ്ജ് കാര്യ ഓഫിസുകളുടെ ശ്രമങ്ങളെയും സഹകരണത്തെയും മന്ത്രി പ്രശംസിച്ചു. നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയാക്കിയ ഓഫിസുകളെ അദ്ദേഹം പ്രശംസിക്കുകയും തീർഥാടകർക്ക് നേരത്തേയുള്ള സന്നദ്ധതയും ഉയർന്ന നിലവാരമുള്ള സേവനങ്ങളും ഉറപ്പാക്കുന്നതിന് ഈ ഹിജ്റ വർഷം റജബ് 15നു മുമ്പ് കരാറുകൾ പൂർത്തിയാക്കാൻ ശേഷിക്കുന്ന ഓഫിസുകളോട് ആവശ്യപ്പെടുകയും ചെയ്തു. റജബ് 15നു മുമ്പ് ക്യാമ്പ് സേവനങ്ങൾക്കുള്ള കരാറുകൾ പൂർത്തിയാക്കുക, ശഅ്ബാൻ 13നു മുമ്പ് മക്കയിലും മദീനയിലും താമസ സൗകര്യം ഉറപ്പാക്കുക തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കണം.
ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് തടയുന്നത് സംബന്ധിച്ച അവബോധം ശക്തിപ്പെടുത്തണം. ശവ്വാൽ ഒന്നിനു മുമ്പ് വിസകൾ അനുവദിക്കണം. വിസ നൽകുന്നതിന് ‘മസാർ’ പ്ലാറ്റ്ഫോം വഴി ഓൺലൈൻ ഹെൽത്ത് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പാലിക്കണം. ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നതിന് നുസുക് കാർഡ് നിർബന്ധമാണെന്നും മന്ത്രി ഓർമിപ്പിച്ചു.ബലി നൽകുന്നതിനുള്ള പണം സൗദിയുടെ ബലിയർപ്പണ വിനിയോഗ പദ്ധതിയിലൂടെ മാത്രമേ നൽകാവൂ. അഡ്മിനിസ്ട്രേറ്റിവ്, മെഡിക്കൽ, മീഡിയ ടീമുകളുടെ ഡേറ്റ റജബ് ഒന്നിനു മുമ്പ് പൂർത്തിയാക്കണം. സമയബന്ധിതമായി വിമാനങ്ങളുടെ സർവിസുകൾ നിശ്ചയിക്കുകയും റജബ് 15ന് മുമ്പ് സമയ സ്ലോട്ടുകൾ ബുക്ക് ചെയ്യുകയും വേണം. എല്ലാ സാമ്പത്തിക, ഭരണപരമായ ഇടപാടുകളും നുസ്ക് മസാർ പ്ലാറ്റ്ഫോം വഴി നടത്തണമെന്നും ഹജ്ജ് മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

