ഹജ്ജ് ഉംറ സമ്മേളനം നവംബറിൽ ജിദ്ദയിൽ
text_fieldsജിദ്ദ: അഞ്ചാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും അടുത്ത മാസം ജിദ്ദയിൽ നടക്കും. ‘മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന വിഷയത്തിൽ നവംബർ ഒമ്പത് മുതൽ 12 വരെയാണ് ഗസ്റ്റ്സ് ഓഫ് ഗോഡ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം ഹജ്ജ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ 80ലധികം സെഷനുകളും 60 പ്രത്യേക വർക്ഷോപ്പുകളും ഉൾപ്പെടുന്നു.
അക്കാദമിക് വിദഗ്ധർ, ഗവേഷകർ, ഹജ്ജ് കാര്യ ഓഫിസുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും പ്രതിനിധികൾ എന്നിവരുടെ തെരഞ്ഞെടുക്കപ്പെട്ട സംഘവും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2400 ൽ അധികം ട്രെയിനികളും പങ്കെടുക്കും.
ഹജ്ജ്, ഉംറ സംവിധാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി 137 രാജ്യങ്ങളിൽ നിന്നുള്ള 260 ൽ അധികം പ്രദർശകരുടെ പങ്കാളിത്തത്തോടെ 52,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ അനുബന്ധ പ്രദർശനം നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെയും ഉമ്മുൽ ഖുറാ സർവകലാശാലയുടെയും സഹകരണത്തോടെ ‘പുണ്യസ്ഥലങ്ങളെ മാനുഷികമാക്കൽ’ ഹാക്കത്തോണിന്റെ രണ്ടാം പതിപ്പ് നടക്കും. പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി വികസിപ്പിക്കുന്നതിനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സൃഷ്ടിപരമായ ആശയങ്ങൾ ഉണ്ടാക്കുന്നതിനും എഞ്ചിനീയറിങ്, ഡിസൈൻ, സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ഹാക്കത്തോൺ പ്രവർത്തിക്കും.
ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ ഹാക്കത്തോൺ മൂന്ന് പ്രധാന പാതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. സുസ്ഥിര എഞ്ചിനീയറിങ് പരിഹാരങ്ങൾ, തീർഥാടക അനുഭവത്തെ പിന്തുണയ്ക്കുന്ന സ്മാർട്ട് സാങ്കേതികവിദ്യകൾ, ഹജ്ജ്, ഉംറ അനുഭവങ്ങളെ അനശ്വരമാക്കുന്ന സമ്മാനങ്ങളുടെയും സുവനീറുകളുടെയും രൂപകൽപ്പന എന്നിവയാണത്.
ഹജ്ജ് സംവിധാനത്തിലെ ഏറ്റവും പുതിയ പരിഹാരങ്ങളും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്നതിനും സർക്കാർ ഏജൻസികളും സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളും തമ്മിൽ ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമായി വിദഗ്ധരെയും രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള വേദിയായിരിക്കും ഈ സമ്മേളനം.
സാങ്കേതികവിദ്യ, നഗരവൽക്കരണം, മാനവികത എന്നിവയുടെ സംയോജനം വർധിപ്പിക്കുന്നതിനും, മക്ക മുതൽ ലോകം വരെ ഇസ്‍ലാമിനെയും മുസ്‍ലിംകളെയും സേവിക്കുന്നതിൽ സൗദിയുടെ മാർഗനിർദേശപരമായ പങ്ക് ഉൾക്കൊള്ളുന്നതിനും നിരവധി പുതിയ കരാറുകളിൽ ഒപ്പുവെക്കുന്നതിനും ഈ വർഷത്തെ സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

