വിദേശരാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടൽ; അവസാന തീയതി ഫെബ്രുവരി 14
text_fieldsറിയാദ്: ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളുമായി കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് തീർഥാടകർക്ക് നൽകേണ്ടതായ സേവനങ്ങൾ വ്യവസ്ഥ ചെയ്യുന്ന കരാറിലാണ് വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളുമായി സൗദി മന്ത്രാലയം ഒപ്പിടുന്നത്. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും സ്വീകരിക്കില്ല. ‘നുസ്ക് മസാർ’ പ്ലാറ്റ്ഫോമിലൂടെ വിദേശ തീർഥാടകർക്കായി കരാർ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഹജ്ജ്കാര്യ ഓഫിസുകൾക്ക് ആവശ്യമായ ജോലികൾക്കായി മന്ത്രാലയം കൃത്യമായ ടൈംടേബിൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ എട്ട് പ്രധാന ഘട്ടങ്ങൾ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 23 മുതലാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 14ന് ഇത് അവസാനിക്കും.
വിമാനങ്ങളിലും കര, കടൽ മാർഗങ്ങളിലും തീർഥാടകർക്ക് സൗദിയിലെത്താൻ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ തീർഥാടകർ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗദി മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളും തമ്മിലുള്ള ഹജ്ജ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സുരക്ഷ, ആരോഗ്യ നിർദേശങ്ങൾ പാലിക്കണം.
കരാർ നടപടികൾക്കുള്ള ഘട്ടം അവസാനിച്ചാൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ യഥാർഥ ക്വാട്ട നിശ്ചയിക്കും. വിസ അനുവദിക്കുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തീർഥടകരെ ബോധവത്കരിക്കാൻ ഹജ്ജ്കാര്യ ഓഫിസുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക ചാനലുകളിൽനിന്ന് വിസകളും പെർമിറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ‘നുസ്ക്’ കാർഡ് പോലെയുള്ള തിരിച്ചറിയൽ കാർഡുകൾ സൗദിയിൽ എത്തുമ്പോൾ കൈവശം വെയ്ക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

