ഹജ്ജ് പ്രായപരിധി; നിയന്ത്രണം പിൻവലിച്ചു
text_fieldsജിദ്ദ: അടുത്ത വർഷം മുതൽ ഏതു പ്രായത്തിലുള്ള ആളുകൾക്കും ഹജ്ജ് നിർവഹിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകി. ഹജ്ജിനുള്ള പ്രായപരിധി കോവിഡ് പശ്ചാത്തലത്തില്‍ 65ല്‍ താഴെയാക്കിയ തീരുമാനമാണ് സൗദി സര്‍ക്കാര്‍ പിന്‍വലിച്ചത്. കേരളത്തില്‍നിന്നടക്കം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ തീരുമാനം സഹായകമാകും. ഹജ്ജിനോ ഉംറക്കോ എത്തുന്ന വനിതാ തീർഥാടകര്‍ക്കൊപ്പം രക്തബന്ധു (മഹ്‌റം) വേണമെന്ന നിബന്ധനയും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം പ്രായപരിധി കുറച്ചതോടെ നിരവധി പേര്‍ക്ക് ഹജ്ജിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. നേരത്തേ 70 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് വരാമായിരുന്നു.
കഴിഞ്ഞതവണ ഇത് 65 ആയി കുറച്ചു. 20 ലക്ഷത്തോളം പേര്‍ക്ക് ഓരോ വര്‍ഷവും ഹജ്ജിന് അവസരം ലഭിച്ചിരുന്നത് കോവിഡ് അകലം പാലിക്കേണ്ടത് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം പത്തു ലക്ഷമാക്കി സൗദി ഭരണകൂടം കുറച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി കുറഞ്ഞു. ഇതിന്റെ ആനുപാതികമായി കേരളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ കുറവുവന്നു. 12,000ത്തോളം പേര്‍ എന്ന കേരളത്തിന്റെ മുൻകാല ക്വാട്ട വന്നിരുന്നത് 5,000 ആയി ചുരുങ്ങിയിരുന്നു.
പ്രായപരിധി പിന്‍വലിച്ചതിനൊപ്പം ഓരോ രാജ്യത്തിനുമുള്ള പഴയ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. 2023 ജൂണ്‍ അവസാനം നടക്കുന്ന അടുത്ത ഹജ്ജിൽ വിവിധ രാജ്യങ്ങളിൽനിന്നായി കൂടുതൽ തീർഥാടകർക്ക് അവസരമുണ്ടാകും. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനങ്ങളാണ് മസ്ജിദുല്‍ ഹറമിലും പരിസരങ്ങളിലും നടക്കുന്നതെന്നും ഇതിനോടകം 20,000 കോടി റിയാലിന്റെ വികസന പ്രവർത്തനങ്ങൾ ഹറമിലും പരിസരത്തുമായി നടപ്പാക്കിയതായും സൗദി ഹജ്ജ് മന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

