ഹജ്ജ് 2026; കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചു
text_fieldsമക്ക: ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി കഅ്ബയിൽ വാർഷിക അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. കഅ്ബയുടെ വിശുദ്ധി നിലനിർത്തുന്നതിനും ഏറ്റവും മനോഹരമായ രീതിയിൽ സംരക്ഷിക്കുന്നതിനുമാണ് പതിവ് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽറബീഅ അറിയിച്ചു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും താൽപര്യത്തിലുമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഓരോ വർഷവും അറ്റകുറ്റപ്പണികൾ നടന്നു വരുന്നത്. പുണ്യഗേഹത്തിന്റെ തനിമ ചോരാതെ മികച്ച രീതിയിൽ നിലനിർത്തുന്നതിൽ സൗദി ഭരണകൂടം വലിയ ശ്രദ്ധയാണ് പുലർത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദൈവിക ഭവനത്തോട് പുലർത്തുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും പ്രതിഫലനമാണ് കഅ്ബയിൽ നടത്തുന്ന ഇത്തരം കൃത്യമായ പരിപാലന പ്രവർത്തനങ്ങളെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ് ലിംകളുടെ ഹൃദയത്തിൽ വിശുദ്ധ കഅ്ബയ്ക്കുള്ള പവിത്രതയും സ്ഥാനവും മുൻനിർത്തിയാണ് ഈ കരുതൽ നൽകുന്നത്.
ഇത് കേവലം സമീപകാലത്തെ പ്രവർത്തനമല്ലെന്നും, മറിച്ച് ഇരുഹറമുകളുടെ സംരക്ഷണത്തിൽ സൗദി അറേബ്യ സ്വീകരിച്ചുവരുന്ന ദീർഘകാലവും സ്ഥിരവുമായ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുണ്യസ്ഥലങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനുമായി എല്ലാവിധ മാനുഷിക-സാങ്കേതിക വിഭവങ്ങളും സമർപ്പിച്ചുകൊണ്ടുള്ള വലിയ പരിഗണനയാണ് ഭരണകൂടം നൽകിവരുന്നതെന്നും ഡോ. അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

