മിന ഇനി പ്രാർഥനയുടെ താഴ്വാരം
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ സമയം തീർഥാടകർ കഴിച്ചു കൂട്ടുന്ന മിനയുടെ മണ്ണും വിണ്ണും പ്രാർഥനാ മുഖരിതം. മസ്ജിദുൽ ഹറാമിെൻറ വടക്ക് കിഴക്ക് ഏകദേശം ഏഴ് കിലോ മീറ്റർ അകലെയാണ് രണ്ട് ഭാഗങ്ങൾ മലകളാൽ ചുറ്റപ്പെട്ട മിന താഴ്വാരം. മക്കക്കും മുസ്ദലിഫക്കുമിടയിലെ 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന താഴ്വാരം നാലഞ്ച് നാൾ പ്രാർഥനാമന്ത്രങ്ങളുടെ ദേശമാവും. ഞായറാഴ്ച മിനയിലെത്തുന്ന തീർഥാടകർ ദുൽഹജ്ജ് 13-നാണ് വിടവാങ്ങുക.
ഒട്ടകങ്ങളെ യാത്രക്ക് ഉപയോഗിച്ചിരുന്ന കാലത്ത് ഹജ്ജിനെത്തുന്നവർ അറഫ സംഗമത്തിെൻറ മുന്നോടിയായി മിനയിലെത്തി ഒട്ടകൾക്ക് വെള്ളം നൽകി ഒരുക്കി നിർത്തിയിരുന്നത് ദുൽഹജ്ജ് എട്ടിനായിരുന്നു. അതിനാൽ ‘യൗമ് തർവിയ’ അഥവാ വെള്ളം കുടിപ്പിക്കുന്ന ദിവസം എന്ന പേരിലും ദുൽഹജ്ജ് എട്ട് അറിയപ്പെടുന്നുണ്ട്. മതപരവും ചരിത്രപ്രധാനവുമായ സ്ഥലമാണ് മിന താഴ്വാരം. ജംറകളിലെ കല്ലേറും ബലികർമവും അവിടെ വെച്ചാണ്. പാപമുക്തി തേടിയും പ്രാർഥനാനിരതമായും കഴിയുന്ന തീർഥാടകർ മിനായിലെ താമസത്തിനിടയിൽ നൂറ്റാണ്ടുകൾ മുമ്പ് നടന്ന ത്യാഗോജ്വലമായ ചരിത്ര സംഭവങ്ങളെ സ്മരിക്കുകയും പുനരുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇബ്രാഹീം നബിയും ഇസ്മായീൽ നബിയുമായി ബന്ധപ്പെട്ടതാണ് ഹജ്ജിെൻറ ചരിത്രം. പ്രവാചകൻ നമസ്കരിച്ച മസ്ജിദു ഖൈഫ് മിനയിലാണ്. ഹിജ്റക്ക് മുന്നോടിയായി ഒന്നും രണ്ടും അഖ്ബാ ഉടമ്പടികൾ നടന്നതും അവിടെ വെച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയാണ് മിന. വിവിധ രാജ്യക്കാരും ഭാഷക്കാരും വർണക്കാരും സ്വഭാവക്കാരുമെല്ലാം ഒരേ സ്ഥലത്ത് നാലഞ്ച് നാൾ പ്രാർഥനാ നിരതരാകുന്നത് അപൂർവ്വ കാഴ്ചയാണ്. ലോകത്ത് മറ്റെവിടെയുമിതു പോലെ കാണാനാകില്ല.
മൺകൂടാരങ്ങളിലായിരുന്നു ആദ്യകാലത്ത് മിനയിലെ താമസം. പിന്നീട് തുണികളുപയോഗിച്ചുള്ള തമ്പുകളായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആവർത്തിച്ചുണ്ടായ അഗ്നിബാധയെ തുടർന്നാണ് നിലവിലെ അഗ്നിപ്രതിരോധ തമ്പുകൾ മിനയിൽ സ്ഥാപിച്ചത്. ഏകദേശം 27 ലക്ഷം തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന 1,60,000ത്തോളം തമ്പുകൾ മിനയിലുണ്ടെന്നാണ് കണക്ക്. തീർഥാടകർക്കാവശ്യമായ വെളിച്ചം, വെള്ളം, എയർകണ്ടീഷനിങ് സംവിധാനങ്ങളോട് കൂടിയാണ് തമ്പുകൾ ഒരുക്കിയിരിക്കുന്നത്. അഗ്നിശമനത്തിനായി മലക്ക് മുകളിൽ നിരവധി ജല സംഭരണികളും 100 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ശൗച്യാലയങ്ങളും വിശാലമായ റോഡുകളും മെട്രോ ട്രെയിൻ സർവീസും തണലിട്ട നടപ്പാതകളുമെല്ലാം തീർഥാടകർക്ക് ആശ്വാസമേകാൻ സൗദി ഭരണകൂടം മിനയിലൊരുക്കിയിട്ടുണ്ട്.

റെഡ്ക്രസൻറിന് കീഴിൽ 360 ആംബുലൻസുകൾ
ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ സേവനത്തിന് റെഡ് ക്രസൻറിന് കീഴിൽ 360 ആംബുലൻസുകൾ. ഇതിൽ 15 എണ്ണം അടിയന്തിര സേവനത്തിനാണ്. ഒാക്സിജൻ നൽകുന്നതിനും അടിയന്തര ശുശ്രുഷക്കാവശ്യമായ നൂതന സംവിധാനങ്ങളോടും കുടിയതാണ് ഒരോ ആംബുലൻസുകളും. ഇതിനു പുറമെ പ്രാഥമിക ശുശ്രൂഷക്കാവശ്യമായ സംവിധാനങ്ങളോട് കൂടിയ 20 മോേട്ടാർ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്.
ലാബുകളും രക്തബാങ്കുകളും സജ്ജം
ജിദ്ദ: പുണ്യസ്ഥലങ്ങളിൽ ലാബുകളും രക്തബാങ്കുകളും സജ്ജമായി. ഒമ്പത് ലാബുകളും എട്ട് രക്തബാങ്കുകളുമാണ് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. നൂതന സംവിധാനമാണ് പരിശോധനക്ക് ഒരുക്കിയത്. കോറോണ പോലുള്ള വൈറസ് പരിശോധനക്ക് ശർഖ് അറഫ ആശുപത്രി ലാബിൽ സൗകര്യമുണ്ട്. ഡോക്ടർമാരും ലാബ് ടെക്നീഷ്യന്മാരും സ്വദേശികളാണ്. 16000 യൂനിറ്റ് രക്തം ശേഖരിച്ച് രോഗമുക്തമാണെന്ന് ഉറപ്പുവരുത്തിയതായും അധികൃതർ പറഞ്ഞു.
കിടപ്പുരോഗികളെ അറഫ ആശുപത്രിയിൽ എത്തിച്ചു
ജിദ്ദ: മദീനയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 23 തീർഥാടകരെ ഹജ്ജിനായി അറഫയിലെ ആശുപത്രിയിലെത്തിച്ചു. 23 ആംബുലൻസുകളിലായാണ് രോഗികളെ കൊണ്ടു വന്നത്. ഒരോ ആംബുലൻസിലും ഒരു ഡോക്ടർ, മെയിൽ നഴ്സ്, ലേഡി നഴ്സ് എന്നിവരെ നിയോഗിച്ചിരുന്നു. ആംബുലൻസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ പകരം ഉപയോഗിക്കാൻ ആറ് ആംബുലൻസുകളും രോഗികളുടെ കുടെയുള്ളവർക്കായി ഒരു ബസും ഒരുക്കിയിരുന്നു.
അനുമതി പത്രമില്ലാതെ എത്തിയ 3145 വാഹനങ്ങൾ പിടികൂടി
ജിദ്ദ: അനുമതി പത്രമില്ലാതെ എത്തിയ 3145 വാഹനങ്ങൾ പിടികൂടിയതായി സൗദി ട്രാഫിക് വ്യക്തമാക്കി. ട്വിറ്ററിലാണ് ഇക്കാര്യം കുറിച്ചത്. പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾക്ക് അനുമതി വേണമെന്ന് ട്രാഫിക് വിഭാഗം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തിരക്ക് കുറക്കുന്നതിനായി വലിയ വാഹനങ്ങൾക്ക് മാത്രമാണ് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
