ഹാജിമാർ മിനായിൽനിന്ന് തിരികെ യാത്ര തുടങ്ങി
text_fieldsമക്ക: സഫലമായ തീർഥാടന ദിനങ്ങൾ കഴിഞ്ഞ് 24 ലക്ഷത്തോളം ഹാജിമാർ മിനാ താഴ്വരയോട് വിടപറയുന്നു. അഞ്ചാം ദിവസം തന്നെ കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും വ്യാഴാഴ്ച വൈകുന്നേരത്തോടെ മിനായിൽനിന്ന് മക്കയിലെ താമസ കേന്ദ്രങ്ങളിലെത്തി. ബാക്കിയുള്ളവർ വെള്ളിയാഴ്ച ദുൽഹജ്ജ് 13ലെ അവസാനത്തെ കല്ലേറ് കർമം പൂർത്തിയാക്കി മടങ്ങും. ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഇന്ത്യയിൽ നിന്നുള്ളവർ വ്യാഴാഴ്ച തിരിച്ചെത്തി. സ്വകാര്യ ഗ്രൂപ്പിൽ വന്നവർ വെള്ളിയാഴ്ച വരെ മിനായിൽ തുടരും.
പ്രതീക്ഷിച്ചതിലേറെ സംതൃപ്തമാണ് ഇൗ വർഷത്തെ ഹജ്ജ് എന്ന് തീർഥാടകർ പറഞ്ഞു. ഹജ്ജ് ഒാപറേഷൻ വൻവിജയമായി എന്ന് മക്ക ഗവർണറും ഹജ്ജ് കമ്മിറ്റി ഉന്നതാധികാരസമിതി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ പ്രഖ്യാപിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കുറ്റമറ്റ രീതിയിലായിരുന്നു ഹജ്ജിെൻറ സംഘാടനം. കഴിഞ്ഞവർഷത്തേക്കാൾ ഒന്നര ലക്ഷത്തിലധികം തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിച്ചു. അതിൽ പത്തര ലക്ഷത്തോളം സ്ത്രീകളാണ്. 17,58,722 വിദേശികളും 6,12,953 ആഭ്യന്തര തീർഥാടകരുമുണ്ടായിരുന്നു.
അറഫ-മിനാ ഗതാഗത ഒാപറേഷൻ റെക്കോഡ് വിജയമാണെന്ന് ഹജ്ജ് മന്ത്രി മുഹമ്മദ് ബിൻ ബന്ദൻ പറഞ്ഞു. ഹജ്ജ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നതിന് അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളിൽ അടിസ്ഥാനപരവും സമഗ്രവുമായ പരിഷ് കരണപദ്ധതികൾ വൈകാതെ നടപ്പാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഇന്ത്യയിൽനിന്ന് 1,75,025 പേരാണ് വന്നത്. ഏറ്റവും കൂടുതൽ വിദേശ ഹാജിമാർ പെങ്കടുത്ത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരികെയാത്ര ആഗസ്റ്റ് 27 മുതൽ തുടങ്ങും. കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയവരുടെ തിരിച്ചുപോക്ക് സെപ്റ്റംബർ 11 മുതലാണ്. ആദ്യ സംഘം 12ന് നാട്ടിലെത്തും. മദീന വിമാനത്താവളത്തിൽനിന്നാണ് കേരള ഹാജിമാർ നാട്ടിലേക്ക് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
