ഹാഇൽ ഇനി ലോകാരോഗ്യ സംഘടനയുടെ ‘ആരോഗ്യ നഗരം’ സൗദിയിൽ ഈ പദവി നേടുന്ന 17ാമത് നഗരം
text_fieldsഹാഇൽ: ലോകാരോഗ്യ സംഘടനയുടെ കർശനമായ ആരോഗ്യ-ജീവിത നിലവാര മാനദണ്ഡങ്ങൾ മറികടന്ന് സൗദി അറേബ്യയിലെ ഹാഇൽ നഗരം ‘ആരോഗ്യ നഗരം’ എന്ന പദവി സ്വന്തമാക്കി. ഇതോടെ സൗദിയിൽ ഈ ആഗോള അംഗീകാരം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം പതിനേഴായി ഉയർന്നു.
ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ്, സൗദി ആരോഗ്യമന്ത്രി ഫഹദ് അൽജലാജലിൽ നിന്ന് ‘ആരോഗ്യ നഗരം’ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ഏറ്റുവാങ്ങി. 2025 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ഹാഇൽ സന്ദർശിച്ച് നടത്തിയ വിശദമായ വിലയിരുത്തലുകൾക്കൊടുവിലാണ് പ്രഖ്യാപനം ഉണ്ടായത്.
ഗ്ലോബൽ ഹെൽത്തി സിറ്റീസ് പ്രോഗ്രാമിന് കീഴിൽ ഒമ്പത് പ്രധാന മേഖലകളിലായി നിശ്ചയിച്ചിട്ടുള്ള 80 അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഹാഇൽ വിജയകരമായി പൂർത്തിയാക്കി. ആരോഗ്യ സേവനങ്ങളിലെ മികവ്, വിദ്യാഭ്യാസ പുരോഗതി, നൈപുണ്യ വികസനം, കമ്യൂണിറ്റി ഇൻഫർമേഷൻ സെൻററുകളുടെ പ്രവർത്തനം എന്നിവ ഇതിൽ പ്രധാന ഘടകങ്ങളായി. കൂടാതെ, ചെറുകിട സംരംഭങ്ങൾക്കുള്ള പിന്തുണ, വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവയിലും നഗരം മികച്ച നിലവാരം പുലർത്തി.
നഗര പരിസ്ഥിതിയുടെ സംരക്ഷണം, ശുദ്ധജല ലഭ്യത, കാര്യക്ഷമമായ ശുചിത്വ പരിപാലനം, ഭക്ഷ്യസുരക്ഷ, വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കൽ എന്നിവക്കൊപ്പം ആരോഗ്യ-വികസന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കിയുള്ള ശാക്തീകരണ പ്രവർത്തനങ്ങളും ഹാഇലിനെ ഈ നേട്ടത്തിന് അർഹമാക്കി. വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ നഗരങ്ങളെ കൂടുതൽ ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളിലേക്ക് ഉയർത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലാണ് ഹാഇലിന്റെ ഈ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

