ഹാഇൽ അന്തർദേശീയ ടൊയോട്ട റാലി; ഖത്തറിന്റെ നാസർ അൽ അത്തിയക്ക് കിരീടം
text_fieldsഹാഇൽ അന്തർദേശീയ ടൊയോട്ട റാലിയിൽനിന്ന്
ഹാഇൽ: ഹാഇൽ അന്തർദേശീയ ടൊയോട്ട റാലിയിൽ ഖത്തറിന്റെ നാസർ അൽ അത്തിയക്ക് കിരീടം. എഫ്.ഐ.എ ലോകകപ്പിന്റെ 2023 സീസണിലെ ആദ്യ റൗണ്ടിനെ പ്രതിനിധീകരിക്കുന്ന ക്രോസ്-കൺട്രി ബജാസിനായുള്ള ഹൈലക്സ് പിക്അപ് റാലിയിലാണ് അൽ അത്തിയ കിരീടം ചൂടിയത്. മേഖല ഗവർണറും ഹാഇൽ റീജനൽ ഡെവലപ്മെൻറ് അതോറിറ്റി ചെയർമാനും ടൊയോട്ട ഇൻറർനാഷനൽ റാലി 2023െൻറ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സാദ് ബിൻ അബ്ദുൽ അസീസ്, വിജയി നാസർ അൽ അത്തിയയെ കിരീടമണിയിച്ചു.
കാറുകളുടെ വിഭാഗത്തിൽ സൗദി ഡ്രൈവർ ഹൈതം അൽ തുവൈജിരിക്കാണ് ഒന്നാം സ്ഥാനം. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ യു.എ.ഇ റൈഡർ മുഹമ്മദ് അൽ ബലൂഷി ഒന്നാംസ്ഥാനം നേടി. സൗദി ഡ്രൈവർ അഹ്മദ് അൽഷഖാവി ‘ടി 2’ വിഭാഗത്തിൽ ഒന്നാം സ്ഥാനവും അബ്ദുൽ അസീസ് അൽ-യായിഷ് ദേശീയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ‘ടി 3’ വിഭാഗത്തിൽ സൗദി ഡ്രൈവർ സാലിഹ് അൽ സെയ്ഫും ലൈറ്റ് ഡെസേർട്ട് വാഹനങ്ങളുടെ ‘ടി 4’ വിഭാഗത്തിൽ സ്പാനിഷ് ഡ്രൈവർ ബോണവെറോയും മുന്നിലെത്തി.
ഹാഇൽ റീജനൻ ഡെവലപ്മെൻറ് അതോറിറ്റി, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ (സാംഫ്) എന്നിവരുമായി സഹകരിച്ച് സൗദി കായിക മന്ത്രാലയമാണ് റാലി സംഘടിപ്പിച്ചത്. സാംഫ് പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ, ഹാഇൽ ഡെപ്യൂട്ടി ഗവർണറും ഹായിൽ റീജനൽ ഡെവലപ്മെൻറ് അതോറിറ്റി വൈസ് പ്രസിഡൻറുമായ അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്രിൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിജയികളെ പ്രഖ്യാപിച്ച ചടങ്ങ്. മത്സരങ്ങളുടെ പ്രധാന പങ്കാളിയായ അബ്ദുൽ ലത്തീഫ് ജമീൽ മോട്ടോഴ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇബ്രാഹിം ദാവൂദ്, മത്സരത്തിെൻറ രക്ഷാകർതൃത്വം ഏറ്റെടുത്ത കായിക മന്ത്രാലയം, സാംഫ് നേതൃത്വം, ഹായിൽ മേഖല ഗവർണറേറ്റ്, സുരക്ഷ വിഭാഗങ്ങൾ, മാധ്യമങ്ങൾ എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

