ഹഫറുൽ ബാത്വിനിൽ ആരോഗ്യ മേഖലയിൽ 12 വികസന പദ്ധതികൾ
text_fieldsദമ്മാം: കിഴക്കൻ സൗദിയിലെ ഹഫറുൽ ബാത്വിനിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പുതിയ 12 പദ്ധതികൾ വരുന്നതായി റിപ്പോർട്ട്. ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് ഫൗസാൻ അൽറബീഅ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. 44 ദശലക്ഷം റിയാൽ മുതൽമുടക്കുള്ള ചെറുതും വലുതുമായ പദ്ധതികളാണ് യാഥാർഥ്യമാവാനിരിക്കുന്നത്. കുട്ടികൾക്കും അമ്മമാർക്കും മാത്രമായുള്ള ആശുപത്രികൾ അടക്കമുള്ള സമഗ്ര പദ്ധതികളാണ് മുഖ്യ ആകർഷകം. നിലവിലുള്ള ആശുപത്രികളുടെ നവീകരണവും ആധുനിക യന്ത്രവത്കരണവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ആയിരം കിടക്കകളുള്ള അഡ്മിറ്റ് സംവിധാനവും അത്യാധുനിക സജ്ജീകരണങ്ങളും ഇവിടങ്ങളിൽ ഉറപ്പ് വരുത്തും.
ഹഫറുൽ ബാത്വിൻ മേഖലയിൽ നിലവിൽ ഏഴ് ആശുപത്രികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, വിദഗ്ധ ചികിത്സകളാവശ്യമായ കേസുകളിൽ തുടർ പരിശോധനക്കും ചികിത്സക്കുമുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. ഇൗ സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങളോടെ വിദഗ്ധ ചികിത്സയൊരുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. അത്യാഹിത വിഭാഗം, ഡയാലിസിസ് സെൻറർ, വൃക്കരോഗ വിഭാഗം, ഗൈനക്കോളജി, ഹൃദ്രോഗ വിഭാഗം, എല്ല് രോഗ വിഭാഗം, ദന്തരോഗ വിഭാഗം തുടങ്ങി ഒേട്ടറെ ചികിത്സാ വിഭാഗങ്ങളിൽ പ്രത്യേകം വകുപ്പുകൾ രൂപവത്കരിക്കുന്ന തരത്തിലാണ് പദ്ധതിയുടെ ആസൂത്രണം. കൂടാതെ ആശുപത്രികളോട് ചേർന്ന് രക്ത ബാങ്കുകളും രോഗികൾക്കുള്ള വിശ്രമ മുറികളും സ്ഥാപിക്കും. ആരോഗ്യ രംഗത്ത് വൻ നേട്ടമാവുന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ കിഴക്കൻ പ്രവിശ്യ നിവാസികൾക്ക് ഏറെ ആശ്വാസകരമാവുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
