മടക്കപ്പെടാത്ത ഒരു സലാം
text_fieldsമദീനയിൽ പ്രവാചകെൻറ ചാരെ പോയൊരു സലാം പറയാനുള്ള കാത്തിരിപ്പിലാണ് അവിടെ തടിച്ചുകൂടിയ ആയിരങ്ങളെപ്പോലെ ഞാനും. സ്ത്രീകൾക്ക് പ്രത്യേകസമയത്ത് മാത്രമേ അവിടേക്ക് പ്രവേശനമുള്ളൂ എന്നതുകൊണ്ടുതന്നെ തിരക്കൽപം കൂടുതലാണ്. രാജ്യം തിരിച്ച് വേർതിരിച്ചിരുത്തി ഓരോരോ ഭാഷയിൽ നിർദേശങ്ങൾ നൽകാൻ ആളുകളുമുണ്ട്. പാകിസ്താനികളെയും ഇന്ത്യക്കാരെയും ഒരുമിച്ചാണ് ഇരുത്താറ്.
അങ്ങനെ രണ്ടു രാജ്യക്കാരും തൊട്ടുരുമ്മി ഇരിക്കുന്നതിനിടയിൽ ഒരു ഫോൺ വന്നു. പ്രയാസപ്പെട്ട് ഫോണെടുത്ത് പിന്നെ വിളിക്കാമെന്ന് മാത്രം പറഞ്ഞുവെക്കുമ്പോൾ പിന്നിൽനിന്നൊരു വിളി. മലയാളി ആണല്ലേ? മലയാളം കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണല്ലോ. മറ്റു രാജ്യങ്ങളിൽവെച്ചാകുമ്പോൾ പ്രത്യേകിച്ചും. അതെയെന്നും പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോൾ പ്രായമായ ഒരുമ്മ ചിരിച്ചുകൊണ്ടിരിക്കുന്നു.
പിന്നെ ചോദ്യമായി പറച്ചിലായി. റിയാദിൽ നിന്നാ വന്നെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു: 'െൻറ മോനും റിയാദിലുണ്ട്. കുറച്ചായുള്ളൂ വന്നിട്ട്. ചെറുതാ. കൂടെ വേണ്ടപ്പെട്ടവരൊക്കെ ഉള്ളതുകൊണ്ട് സമാധാനം ഉണ്ട്. ന്നാലും ഓൻ ചെറുതല്ലെ...' ഒരുമ്മയുടെ എല്ലാകരുതലും പ്രാർഥനയും അവരുടെ സംസാരത്തിൽ തുടർന്നും തൊട്ടറിഞ്ഞു.
'ഉമ്മാ... മോൻ റിയാദിലെവിടാ? അവെൻറ പേരെന്താ?'
'അഷ്ഫാഖ്'
നല്ല പരിചയമുള്ള പേര്
'ഓൻ ചേന്ദമംഗലൂരാ പഠിച്ചേ'
'ഏഹ്.. ഞാനും അവിടായിനല്ലോ'
പിന്നെ നാടും വീടും ഒക്കെ പറഞ്ഞപ്പോൾ നമ്മടെ അഷ്ഫാഖ്, കൂടെ പഠിച്ചവൻ! സംസാരം കുറച്ചങ്ങനെ നീണ്ടു. നിറഞ്ഞ സന്തോഷത്തോടെ. സമയമായി. റൗദയിലേക്ക് ഞങ്ങൾക്ക് പോകാനുള്ള മറ നീക്കിയിരുന്നു. എല്ലാവരും ഓടി. ഞാനും... സ്വർഗത്തിലെ ചെറിയൊരു ഭാഗം പച്ചനിറത്തിലുള്ള കാർപെറ്റ് വിരിച്ച് വേർതിരിച്ചിരിക്കുന്നു. ഒരുപാട് വട്ടം പോയിട്ടുണ്ടെങ്കിലും ഓരോ തവണയും പുതുഅനുഭവങ്ങളാണ്. വിവരണാതീതമാണ്. അവിടന്ന് പോരുക എന്നത് മനസ്സ് അനുവദിക്കാത്തതാണെങ്കിലും നമ്മളൊന്ന് നീങ്ങാൻ കാത്തുനിൽക്കുന്നവർ അനേകമാണ്. അതോർത്ത് മാത്രം അവിടെനിന്ന് തിരിഞ്ഞുനോക്കി, നോക്കി നടന്നു. അപ്പൊ വീണ്ടും ആ ഉമ്മ...
'ഉമ്മാ... ഞാൻ പോട്ടെ... മോള് കരയുന്നുണ്ടാകും. പാല് മാത്രം കുടിക്കുന്ന പ്രായാണെ... ഉമ്മാടെ പ്രാർഥനയിൽ എന്നെയും ഓർക്കണേ...'
'ദാ... ഇതുപോലെ അവിടെയും നമ്മൾ കണ്ടുമുട്ടട്ടെ' എന്ന ഉമ്മയുടെ പ്രാർഥനയോടെ പിരിഞ്ഞു... വീണ്ടും ഒരാഴ്ച കഴിഞ്ഞു. ഞാനെെൻറ ഉമ്മയുടെ കൂടെ മക്കയിലാണ് താമസം. ഒരു മാസത്തിലേറെയായി റിയാദിൽനിന്നു പോന്നിട്ട്. തിരിച്ചുപോകുന്ന മുേമ്പ ഹറമിൽ പോയി ഒരു വിടവാങ്ങൽ ത്വവാഫ് ചെയ്യണം. അതാ വീണ്ടും ആ ഉമ്മ കഅബയെ നോക്കിക്കൊണ്ട് മതാഫിൽ കാലും നീട്ടിയിരിക്കുന്നു. വല്ലാത്തൊരത്ഭുതംതന്നെ!
മടങ്ങാൻ നേരം അടുത്ത് പോയിരുന്ന് അൽപം സംസാരിച്ചു. എഴുന്നേറ്റുനടക്കാൻ തുടങ്ങിയപ്പോൾ അവരോർമിപ്പിച്ചു, 'പ്രാർഥനയിൽ എെൻറ മോനെയും ഉൾപ്പെടുത്തണട്ടോ... അവൻ ചെറുതാ... കൂടെ വേണ്ടപ്പെട്ടരൊക്കെ ഉള്ളതൊരു സമാധാനവും...'
റിയാദിലെത്തി... കുറച്ചുനാൾ കഴിഞ്ഞു. പതിവില്ലാതെ നാട്ടിൽനിന്ന് സുഹൃത്തിെൻറ വിളി...
'ഡീ... നമ്മുടെ അഷ്ഫാഖ് പോയിട്ടോ...'
ഗർഭാലസ്യത്തിൽ ക്ഷീണിച്ചു കിടക്കുകയായിരുന്ന ഞാൻ പിടെഞ്ഞണീറ്റു. 'ഏത് അഷ്ഫാഖ്?' 'നമ്മടൊപ്പം ഇസ്ലാഹിയയിലുണ്ടായിരുന്ന... ഞാൻ തരിച്ചുനിന്നുപോയി. ഒന്നും ശബ്ദിക്കാനായില്ല. ഇനിയൊരിക്കലും തിരിച്ചുവരാത്തൊരിടത്തേക്ക് അവൻ പോയിരിക്കുന്നു. ആ ഉമ്മയെയും അവരുടെ പ്രാർഥനയും പറച്ചിലുകളും മനസ്സിൽ നിറഞ്ഞങ്ങനെ നിന്നു.
പിന്നീട് ഫേസ്ബുക്കിൽ അവെൻറ പ്രൊഫൈൽ പരതി കണ്ടെത്തി നോക്കുേമ്പാൾ, മെസഞ്ചറിൽ എന്നോ എനിക്കയച്ച ഒരു സലാം അവിടെ മടക്കപ്പെടാതെ കിടക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

