സൗദി ഭരണാധികാരികൾ ചെയ്യുന്നത് മഹത്തായ സേവനം -എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്
text_fieldsഖുർആൻ പാരായണ മത്സരങ്ങളിലെ വിജയികൾ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിനും മറ്റു അതിഥികൾക്കുമൊപ്പം
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് ഹജ്ജിനും ഉംറക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുക വഴി സൗദി ഭരണകൂടം ചെയ്യുന്നത് മഹത്തായ സേവനമാണെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ഖുർആൻ വിദ്യാർഥികൾക്കുള്ള ‘സ്നേഹോപഹാരവും പ്രഭാഷണവും’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിലെ വഖഫ് സ്വത്തുക്കളെല്ലാം അതിന്റെ പൂർവികർ ഉദ്ദേശിച്ച രൂപത്തിൽ തന്നെ നടന്നുപോകാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ഇന്ന് ലോകത്ത് പീഡനമനുഭവിക്കുന്ന ഫലസ്തീനികളടക്കമുള്ള മുഴുവൻ ആളുകൾക്ക് വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അഹ്സൻ’ എന്ന വിഷയത്തിൽ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത് പ്രഭാഷണം നിർവഹിച്ചു. ഏറ്റവും നല്ല പ്രവൃത്തി സ്രഷ്ടാവിലേക്ക് ക്ഷണിക്കലും സൽക്കർമങ്ങൾ പ്രവർത്തിക്കലും തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കലുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് നമ്മുടെ നാട്ടിലെ വലിയ തിന്മയായ ലഹരിക്കെതിരെ നാം ശക്തമായി പോരാടണമെന്നും അത്തരം പ്രവർത്തനങ്ങളിൽ മുജാഹിദ് പ്രസ്ഥാനം മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എം സംസ്ഥാന സമിതി അംഗം നൗഷാദ് കരുവണ്ണൂർ, കെ.എൻ.എം കോഴിക്കോട് സൗത്ത് ഭരണസമിതി അംഗം ടി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.ജിദ്ദയിലെ വിവിധ ഖുർആൻ പാരായണ മത്സരങ്ങളിൽ വിജയികളാവുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഇസ്ലാഹി സെന്ററിലെ ‘തഹ്ഫീദുൽ ഖുർആൻ’ സ്ഥാപനത്തിലെ വിദ്യാർഥികൾക്കുള്ള ഫലകങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. നദീം നൂരിഷ, ഡോ. അബ്ദുൽ ഷക്കീൽ, ആസിം ആശിഖ്, മുഹമ്മദ് ഷീസ്, ആയിഷ ഷാഫി, നഷ ഹനൂൻ, റെന ഫാത്തിമ, ആയിഷ അഷ്റഫ്, ഡോ. അബ്ദുൽ ഷക്കീൽ എന്നിവർ സമ്മാനർഹരായി.
അനാകിഷ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച മത്സരത്തിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമാൻ ആശിഖ്, അബ്ദുല്ല അഷ്റഫ്, മുഹമ്മദ് അമീൻ ഷാഫി, അമീന ആശിഖ്, ബി. ജാസ്മിൻ എന്നിവർക്കും ഡോ. അബ്ദുൽ ഷക്കീൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല മുനീർ എന്ന വിദ്യാർഥിക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. അബ്ബാസ് ചെമ്പൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

