നിയന്ത്രണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായി ഹറമുകളിൽ റമദാനിലെ ആദ്യ ജുമുഅ
text_fieldsജിദ്ദ: കോവിഡ് വ്യാപനത്തിനെതിരെയുള്ള കർശന മുൻകരുതൽ നടപടികൾക്കിടയിൽ പരിമിതമായ ആളുകളാണ് പങ്കെടുത്തതെങ്കിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്ക, മദീന ഹറമുകളിൽ റമദാനിലെ ആദ്യജുമുഅ നമസ്കാരം നടന്നു. പുറത്തുനിന്നുള്ള ആളു കളെയെന്നും ഹറമുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇരുഹറം കാര്യാലയ ജീവനക്കാരും തൊഴിലാളികളും അനിവാര്യമായു ം ഉണ്ടാകേണ്ട ആളുകളും മാത്രമാണ് ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്.
ആളുകൾ ഹറമുകളിലേക്ക് എത്തുന്നത് നിരീക്ഷി ക്കാനും നിയന്ത്രിക്കാനും വഴികളിലും പരിസരത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജുമുഅ നമസ്കരി ക്കുന്നവരുടെ ആരോഗ്യ സുരക്ഷക്ക് ആരോഗ്യവകുപ്പും സുരക്ഷ വിഭാഗവുമായി ചേർന്ന് ഇരുഹറം കാര്യാലയങ്ങളും ആവശ്യമായ മുൻകരുതൽ നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു.
മക്ക ഹറമിൽ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സഉൗദ് ബിൻ ഇബ്രാഹീം അൽശുറൈം നേതൃത്വം നൽകി. അനുഗ്രഹീത റമദാൻ മാസം പതിവു പോലെ വീണ്ടും സമാഗതമായെന്ന് ഇമാം ഖുതുബയിൽ പറഞ്ഞു. സമയം തെറ്റിച്ചിട്ടില്ല. അതിഥിയായി മുമ്പിലെത്തിയിരിക്കുന്നു. പക്ഷേ, അതിഥിയെ സ്വീകരിക്കുന്ന ഇൗ സന്ദർഭം മുമ്പത്തെ പോലെയല്ല. മഹാമാരിക്കിടയിലാണ്.
ദുഃഖവും ഉത്കണ്ഠയും നിറഞ്ഞ അന്തരീക്ഷം. ജനങ്ങളുടെ കണ്ണുനീർ ഏറ്റവും കൂടുതൽ തുടച്ചു കൊടുക്കേണ്ട സമയം. അതിനാൽ കൂടുതൽ ശക്തി സംഭരിച്ച് നന്മകളിൽ മുന്നേറ്റം നടത്തേണ്ട സമയമാണിത്. ദൈവസ്മരണയും ആരാധനകളും ദാനധർമങ്ങളും ഖുർആൻ പാരായണവും പാപമോചനവും കൂടുതൽ വർധിപ്പിച്ച്, വന്നു ഭവിച്ച പ്രയാസങ്ങളിൽനിന്ന് രക്ഷതേടി അകമഴിഞ്ഞു പ്രാർഥനയിൽ കഴിയേണ്ട മാസമാണിതെന്നും ഹറം ഇമാം പറഞ്ഞു.

ലോകത്തുണ്ടായ പകർച്ചവ്യധിയെ വെറും നാശമായി കണക്കാക്കരുത്. നാം പഠിക്കാത്തതും മുമ്പ് അറിഞ്ഞിട്ടില്ലാത്തതുമായ ഒരുപാട് പാഠങ്ങൾ അതിലുണ്ട്. സമൂഹത്തിെൻറ ആരോഗ്യ സുരക്ഷയെക്കുറിച്ച ബോധം അത് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങളിൽ എപ്പോഴും നാം ബോധവാന്മാരാണെങ്കിൽ ദുരന്തങ്ങളെയും പ്രയാസങ്ങളെയും നേരിടാൻ ദൈവം സന്നദ്ധനാണ്. അതിനാൽ മഹാമാരിയെ കേവലം ചരിത്രസംഭവമാക്കി മാറ്റരുത്. മറിച്ച്, അതിൽനിന്ന് ഗുണപാഠം ഉൾക്കൊണ്ട് എല്ലാ കാര്യങ്ങളിലും പ്രചോദനമാക്കണം. അപ്പോൾ ദൈവാനുഗ്രഹത്താൽ കൂടുതൽ ശക്തരും ബോധവാന്മാരുമായി മാറാനും ഇനിയും പ്രതിസന്ധികളെ നേരിടാനും നമുക്ക് കഴിയുമെന്ന് ഹറം ഇമാം ഉദ്ബോധിപ്പിച്ചു.
മദീനയിലെ മസ്ജിദുന്നബവിയിൽ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സ്വലാഹ് അൽബദീർ നേതൃത്വം നൽകി. പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാതാകാൻ അല്ലാഹുവിലേക്ക് പ്രാർഥനാനിരതരായി കഴിഞ്ഞുകൂടാനുള്ള സുവർണാവസരമാണ് പുണ്യ റമദാനെന്ന് മസ്ജിദുന്നബവി ഇമാം പറഞ്ഞു. മഹാമാരിയെ തുടർന്ന് എല്ലാവരും വീടകങ്ങളിൽ കഴിയുകയാണ്. റമദാെൻ കാരുണ്യത്തിെൻറ കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു. ദൈവസ്മരണകളിൽ നിന്ന് തെറ്റിക്കുന്ന കാര്യങ്ങളിൽ സമയം ചെലവഴിക്കാതെ ആരാധനകളിലും നന്മകളിലും ഖുർആൻ പാരായണത്തിലും മുഴുകി രാപ്പകലുകൾ ധന്യമാക്കണെന്നും ഇമാം ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
