സ്വദേശിവത്കരണം അഞ്ച് മേഖലയിലേക്കു  കൂടി വ്യാപിപ്പിക്കണം: സൗദി ചേംബര്‍

  • സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലയിലെ വിദേശികള്‍ക്ക് ഇഖാമ പുതുക്കുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണം

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ അഞ്ച് തൊഴില്‍ മേഖലയിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കണമെന്ന് സൗദി ചേംബറിലെ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട ദേശീയ സമിതി ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദി അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തനം, മാര്‍ക്കറ്റിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, പച്ചക്കറി വിപണി, വാഹന വില്‍പന, ഫര്‍ണിച്ചര്‍ വിപണി എന്നിവയാണ് സൗദി ചേംബര്‍ സ്വദേശിവത്കരണത്തിന് നിര്‍ദേശിച്ച പുതിയ മേഖലകള്‍.
ഇൗ മേഖലകളിൽ ഭൂരിപക്ഷവും വിദേശികളാണ് ജോലി ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തനം, മാര്‍ക്കറ്റിങ്, ഫര്‍ണിച്ചർ  മേഖലയില്‍ 80 ശതമാനത്തിലധികം വിദേശികളാണുള്ളത്. എന്നാല്‍ ഈ മേഖല സ്വദേശികളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണെന്നും മുഹമ്മദ് അല്‍മുഹമ്മദി പറഞ്ഞു. സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലയിലെ വിദേശികള്‍ക്ക് ഇഖാമ പുതുക്കുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന ശൂറ കൗണ്‍സിലി​​​െൻറ നിര്‍ദേശം ചേംബര്‍ പ്രതിനിധി ആവര്‍ത്തിച്ചു. സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിച്ചാല്‍ സ്വദേശിവത്കരണം ഫലം കാണില്ലെന്നും വിദേശികള്‍ രാജ്യത്തെ ഇതര തൊഴില്‍ മേഖലയില്‍ സ്വദേശികളോട് മല്‍സരിക്കുന്ന അവസ്ഥ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പച്ചക്കറി മേഖലയില്‍ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ടെങ്കിലും പച്ചക്കറി വിപണിയിലെത്തിക്കുന്ന ഗതാഗത ജോലികള്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്ക് പരിമിതമാക്കണം. കൃഷിപ്പണിയില്‍ മാത്രം വിദേശികള്‍ക്ക് അവസരം നല്‍കാവുന്നതാണ്. പുതിയ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുമ്പോള്‍ തൊഴിലുടമകള്‍ക്ക് സ്വദേശികളെ കണ്ടെത്തി നിയമിക്കാന്‍ ആവശ്യമായ സാവകാശം നല്‍കണമെന്നും മുഹമ്മദ് അല്‍മുഹമ്മദി നിര്‍ദേശിച്ചു.

COMMENTS