ഗൾഫ് മാധ്യമം ‘സോക്കർ കാർണിവൽ’; സെവൻസ് ഫുട്ബാൾ ആദ്യദിനം പ്രൗഢം, ഗംഭീരം
text_fieldsജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രൻഡ് ആപ്പും’ സംഘടിപ്പിച്ച ‘സോക്കർ കാർണിവൽ സീസൺ രണ്ട്’ സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ആദ്യദിന മത്സരങ്ങൾ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പതിന് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെൻറിൽ 15 വയസ്സിന് താഴെ കുട്ടികൾക്കുള്ള ജൂനിയർ വിഭാഗത്തിൽ രണ്ടും സീനിയർ വിഭാഗത്തിൽ നാലും മത്സരങ്ങളാണ് നടന്നത്.
ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദ, സൂറത്ത് ടാലന്റ് ടീൻസ് എന്നീ ടീമുകൾ തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അമിഗോസ് എഫ്.സി വിജയിച്ചു. അമിഗോസ് എഫ്.സിയിലെ ലാസിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. താരത്തിനുള്ള ട്രോഫിയും ഉപഹാരവും സിഫ് ട്രഷറർ നിസാം പാപ്പറ്റ കൈമാറി.
ഗൾഫ് മാധ്യമം ‘സോക്കർ കാർണിവൽ’ ഉദ്ഘാടന ദിവസത്തെ മത്സരത്തിന് ലൈനപ്പായ ടീമംഗങ്ങളെ അതിഥികൾ ഹസ്തദാനം ചെയ്യുന്നു.
സോക്കർ ഫ്രീക്സ്, ജെ.എസ്.സി ടീമുകൾ തമ്മിലുള്ള ജൂനിയർ വിഭാഗം രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലും സമനിലയിലായതോടെ നറുക്കെടുപ്പിലൂടെ ജെ.എസ്.സി വിജയികളായി. ജെ.എസ്.സിയിലെ യാസീനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ട്രോഫിയും ഉപഹാരവും സമ്മാനിച്ചു.
സീനിയർ വിഭാഗത്തിൽ ഫൈസലിയ എഫ്.സി, ജീപാസ് എഫ്.സി എന്നീ ടീമുകൾ തമ്മിലായിരുന്നു ആദ്യ മത്സരം. ജീപാസ് എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് ഫൈസലിയ എഫ്.സി പരാജയപ്പെടുത്തി. ഫൈസലിയ എഫ്.സി താരം നബീൽ കളിയിലെ കേമനായി. വിജയ് മസാല സൂപ്പർവൈസർ മുസ്തഫ ട്രോഫിയും ഉപഹാരവും നൽകി.
രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് സംസം മദീന എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സിയെ പരാജയപ്പെടുത്തി. സംസം മദീന എഫ്.സിയിലെ റിനു റിൻസാദിൻ കളിയിലെ കേമനായി. കിലോ 10 റസ്റ്റാറന്റ് എം.സി. റസാഖ് ട്രോഫിയും ഉപഹാരവും സമ്മാനിച്ചു.
മത്സരത്തിൽ നിന്ന്
ആവേശകരമായ മൂന്നാം മത്സരത്തിൽ അഡ്മോണ്ട് എഫ്.സിയും ജെ.എസ്.സിയും ഓരോ ഗോളുകൾ അടിച്ച് സമനില പാലിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലും സമനില ആയതോടെ നറുക്കെടുപ്പിൽ ഭാഗ്യം ജെ.എസ്.സിയെ തുണച്ചു. ജെ.എസ്.സി ടീമിലെ സഫ്വാനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
ബാവ മെഗാമാക്സ് ട്രോഫിയും ഉപഹാരവും കൈമാറി. വെലോസിറ്റി എഫ്.സിയും ചുങ്കത്തറ ബി.എഫ്.സി ജിദ്ദ ടീമും തമ്മിലുള്ള അവസാന റൗണ്ട് മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ചുങ്കത്തറ ബി.എഫ്.സി ജിദ്ദ, വെലോസിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. ചുങ്കത്തറ ബി.എഫ്.സി ജിദ്ദ ടീമിലെ സഹീർ മാൻ ഓഫ് ദ മാച്ചായി. ആദം കബീർ ട്രോഫിയും ഉപഹാരവും സമ്മാനിച്ചു.
40 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിച്ച വെറ്ററൻസ് ടീം സൗഹൃദ മത്സരത്തിൽ കരുത്തരായ ജിദ്ദ സെവൻ സ്റ്റാർ എഫ്.സി ടീം ഏകപക്ഷീമായ മൂന്ന് ഗോളുകൾക്ക് 'ഗൾഫ് മാധ്യമം' സെവൻസ് ടീമിനെ പരാജയപ്പെടുത്തി.
ഹിഫ്സുറഹ്മാൻ, സലാഹ് കാരാടൻ, നാസർ ചാവക്കാട്, ബീരാൻ കോയിസ്സൻ, മുസ്തഫ വിജയ് മസാല, റഫീഖ് വിജയ് മസാല, മോഹൻ ബാലൻ, അബു കട്ടുപ്പാറ, റഷീദ് തൃശൂർ, ശിഹാബ്, കെ.സി ശരീഫ്, റഹീം ഒതുക്കുങ്ങൽ, ഫസൽ കൊച്ചി, ഇസ്മാഈൽ കല്ലായി, മുഹമ്മദ് അലി ഓവുങ്ങൽ, ചെറിയ മുഹമ്മദ് ആലുങ്ങൽ, ഫ്രെണ്ടി പേ സാരഥികളായ അബ്ദുൽ സലീം, സലീം, ടോവിനോ, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

