വി.എസിന്റെ നിര്യാണത്തിൽ ജി.എം.എഫ് അനുശോചിച്ചു
text_fieldsറിയാദ്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) അഗാധമായ ദുഖം രേഖപ്പെടുത്തി. കേരളത്തെ ആധുനിക ജനാധിപത്യ സമൂഹമാക്കി മാറ്റുന്നതിൽ വി.എസ് നടത്തിയ നിരന്തര പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാട്ടം നടത്തിയാണ് വി.എസ് ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത്. അഴിമതിക്കെതിരെ വി.എസ് നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്.
സ്ത്രീപക്ഷ രാഷ്ട്രീയം, പരിസ്ഥിതി രാഷ്ട്രീയം, സ്വതന്ത്ര സോഫ്റ്റ്വെയർ തുടങ്ങിയ ആധുനിക സമൂഹത്തിന്റെ മുദ്രാവാക്യങ്ങൾ കേരളജനതക്ക് പകരുകയും പുതിയ മൂല്യബോധത്തിലേക്ക് നയിക്കുകയും ചെയ്ത നേതാവായിരുന്നു വിഎസ്. പ്രവാസികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ഒരു സമഗ്ര പ്രവാസി ക്ഷേമനിധി നിയമം കൊണ്ടുവരുകയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകുല്യങ്ങൾ നടപ്പാക്കുകയും ചെയ്തത് വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്.
ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് അതിന്റെ ആനുകൂല്യം ലഭിച്ചത്. വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, ചെയർമാൻ റാഫി പാങ്ങോട്, സെക്രട്ടറി കെ.പി. ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

