'ഗൾഫ് മാധ്യമം സോക്കർ കപ്പ് 2025'; ബിറ്റ് ബോൾട്ട് എഫ്.സി ജേതാക്കൾ
text_fieldsഡോ. അബ്ദുൽ ഇലാഹ് മുഅമിന ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഓണാഘോഷ നിറവിൽ നിന്നും നേരെ കാൽപന്ത് കളിയാവേശത്തിന്റെ കൊടുമുടിയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ. 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'സോക്കർ കപ്പ് 2025' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴം, വെള്ളി ദിനങ്ങളിൽ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടന്നപ്പോൾ ടൂർണമെന്റിനെ നെഞ്ചോട് ചേർത്താണ് പ്രവാസികൾ സ്വീകരിച്ചത്. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ ബിറ്റ് ബോൾട്ട് എഫ്.സി ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസും വെറ്ററൻസ് വിഭാഗത്തിൽ ഹീറോസ് എഫ്.സിയും കിരീടം ചൂടി. ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് കമ്മിറ്റി ചെയർമാനും അൽഅഹ്ലി ക്ലബ് മുൻ പ്രസിഡന്റുമായ ഡോ. അബ്ദുൽ ഇലാഹ് മുഅമിന ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ മുഖ്യാതിഥിയായി ആശംസ നേർന്നു.
സീനിയർ വിജയികൾ - ബിറ്റ് ബോൾട്ട് എഫ്.സി
കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളെ അനുസ്മരിക്കും വിധം വാശിയോടെ നടന്ന മത്സരങ്ങൾ വീക്ഷിക്കാൻ രണ്ടു ദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് ഫുട്ബാൾ പ്രേമികൾ ഒരുമിച്ചുകൂടി. സീനിയർ, ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വീറും വാശിയും നിറഞ്ഞ ഓരോ മത്സരങ്ങളും നിറഞ്ഞ കൈയടിയോടെയാണ് ഫുട്ബാൾ പ്രേമികൾ സ്വീകരിച്ചത്.
ജൂനിയർ വിജയികൾ ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസ്
ആർ മാക്സ് ഡിഫൻസ് ജിദ്ദ, ബിറ്റ് ബോൾട്ട് എഫ്.സി ടീമുകൾ ഏറ്റുമുട്ടിയ സീനിയർ ഫൈനലിൽ മുഴുവൻ സമയവും ഗോളുകളൊന്നും നേടാതെ മത്സരം സമനിലയിലായി. ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലും സമനില ആയതോടെ നറുക്കെടുപ്പിലൂടെയാണ് ബിറ്റ് ബോൾട്ട് എഫ്.സി സെവൻസ് കപ്പ് സ്വന്തമാക്കിയത്. ബിറ്റ് ബോൾട്ട് എഫ്.സി താരം മുഹമ്മദ് ഫാസിയെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള ട്രോഫിയും ഉപഹാരങ്ങളും ഒ.ഐ.സി.സി നേതാക്കളായ കെ.ടി.എ മുനീർ,സക്കീർ ഹുസൈൻ എടവണ്ണ എന്നിവർ കൈമാറി.
ജൂനിയർ വിഭാഗത്തിൽ പി.എം പൈപ്പിങ് ജെ.എസ്.സി, ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസ് ടീമുകൾ തമ്മിലുള്ള ആവേശകരമായ ഫൈനൽ മത്സരം മുഴുവൻ സമയവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾ നേടിയാണ് ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസ് ജേതാക്കളായത്. മാൻ ഓഫ് ദ മാച്ചായി ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസ് ടീമിലെ മിഷാൽ തെരഞ്ഞെടുക്കപ്പെട്ടു. അബ്ദു പൊന്നേത്ത് (ബദർ തമാം പോളിക്ലിനിക്) ട്രോഫിയും ഉപഹാരങ്ങളും കൈമാറി. സമ യുനൈറ്റഡ് എഫ്.സി, ഹീറോസ് എഫ്.സി ടീമുകൾ തമ്മിൽ നടന്ന വെറ്ററൻസ് വിഭാഗം ഫൈനൽ മത്സരത്തിൽ സമ യുനൈറ്റഡ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഹീറോസ് എഫ്.സി ചാമ്പ്യന്മാരായത്. ഹീറോസ് എഫ്.സി ടീമിലെ അഷ്റഫിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. കാഫ് ലോജിസ്റ്റിക്സ് സാരഥികളായ റിയാസ്, അജ്മൽ എന്നിവർ ട്രോഫിയും ഉപഹാരങ്ങളും കൈമാറി.
വെറ്ററൻസ് വിജയികൾ ഹീറോസ് എഫ്.സി
സീനിയർ വിഭാഗത്തിൽ ഏറ്റവും നല്ല കളിക്കാരനായി ആർ മാക്സ് ഡിഫൻസ് ടീമിലെ തെൽഹത്തിനെ തിരഞ്ഞെടുത്തു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പർച്ചേസിങ് ഹെഡ് ഫൈസൽ അറബി ട്രോഫി കൈമാറി. ഏറ്റവും നല്ല ഗോളിയായി ബിറ്റ് ബോൾട്ട് എഫ്.സിയിലെ ശുഹൈബിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് കമ്മിറ്റി അംഗം സി.എച്ച് ബഷീർ ട്രോഫി കൈമാറി. സീനിയർ വിഭാഗം ജേതാക്കളായ ബിറ്റ് ബോൾട്ട് എഫ്.സിക്കുള്ള ട്രോഫിയും 5,000 റിയാൽ കാശ് പ്രൈസും കാഫ് ലോജിസ്റ്റിക്സ് സാരഥികളായ റിയാസ്, അജ്മൽ, 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ നിഷാദ് ഗഫൂർ, ജിദ്ദ ബ്യൂറോ ചീഫ് സാദിഖലി തുവ്വൂർ എന്നിവർ കൈമാറി. രണ്ടാം സ്ഥാനക്കാരായ ആർ മാക്സ് ഡിഫൻസ് ജിദ്ദ ടീമിനുള്ള ട്രോഫിയും 3,000 റിയാൽ കാശ് പ്രൈസും വിജയ് മസാല സാരഥികളായ മുസ്തഫ, അനിൽകുമാർ, 'ഗൾഫ് മാധ്യമം' രക്ഷാധികാരി സമിതി അംഗം ഖലീൽ പാലോട്, ബഷീർ ചുള്ളിയൻ എന്നിവർ കൈമാറി.
കമലേഷ് കുമാർ മീണ ആശംസ നേരുന്നു
ജൂനിയർ വിഭാഗത്തിൽ ഏറ്റവും നല്ല കളിക്കാരനായി ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസ് ടീമിലെ ആത്തിഫിനെയും ഏറ്റവും നല്ല ഗോളിയായി പി.എം പൈപ്പിങ് ജെ.എസ്.സി ടീമിലെ അമാനെയും തിരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജയും 'ഗൾഫ് മാധ്യമം' കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ബഷീർ ചുള്ളിയനും കൈമാറി. ജൂനിയർ വിഭാഗം ജേതാക്കളായ ടി.ഡബ്ലിയു.സി ഷിപ്പിങ് ടാലന്റ് ടീൻസിനുള്ള ട്രോഫി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, 'ഗൾഫ് മാധ്യമം' സൗദി രക്ഷാധികാരി എ. നജ്മുദ്ദീൻ എന്നിവരും 1,000 റിയാൽ കാശ് പ്രൈസ് 'ഗൾഫ് മാധ്യമം' വെസ്റ്റേൻ റീജൻ രക്ഷാധികാരി ഉമറുൽ ഫാറൂഖ്, ബഷീർ ചുള്ളിയൻ എന്നിവരും കൈമാറി. രണ്ടാം സ്ഥാനക്കാരായ പി.എം പൈപ്പിങ് ജെ.എസ്.സിക്കുള്ള ട്രോഫിയും 500 റിയാൽ കാശ് പ്രൈസും വിജയ് മസാല സാരഥികളായ മുസ്തഫ, അനിൽകുമാർ എന്നിവർ കൈമാറി.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അതിഥികൾ
വെറ്ററൻസ് വിഭാഗത്തിൽ ഏറ്റവും നല്ല കളിക്കാരനായി സമ യുനൈറ്റഡ് ടീമിലെ അനീസിനെയും ഏറ്റവും നല്ല ഗോളിയായി ഹീറോസ് എഫ്.സിയിലെ ഹബീബിനെയും തിരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പർച്ചേസിങ് ഹെഡ് ഫൈസൽ അറബിയും ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഇ.കെ നൗഷാദും കൈമാറി. വെറ്ററൻസ് വിഭാഗം ചാമ്പ്യന്മാരായ ഹീറോസ് എഫ്.സിക്കുള്ള ട്രോഫിയും കാശ് പ്രൈസും കാഫ് ലോജിസ്റ്റിക്സ് സാരഥികളായ റിയാസ്, അജ്മൽ, 'ഗൾഫ് മാധ്യമം' രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് കടവത്തൂർ, ടൂർണമെന്റ് കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ എം.പി അഷ്റഫ് എന്നിവർ കൈമാറി. രണ്ടാം സ്ഥാനം നേടിയ സമ യുനൈറ്റഡ് എഫ്.സിക്കുള്ള ട്രോഫി വിജയ് മസാല സാരഥികളായ മുസ്തഫ, അനിൽകുമാർ എന്നിവർ കൈമാറി.
മജീദ് കൊട്ടീരി (ഗ്ലോബൽ ടൂർസ്, ജിദ്ദ), അമൽ (വിജയ് മസാല), മുഹമ്മദ് ഷാഫി (ഓറ ബ്യൂട്ടി), ശരീഫ് അറക്കൽ (ബ്രേവ് ഹാർബർ ലോജിസ്റ്റിക്സ്), അബ്ദുൽ മജീദ് (ഗൾഫ് മൈൽ കമ്പനി), ഷംസീർ (ഡക്സോ പാക്ക്), സൗഫർ (റീം അൽ ഉല കമ്പനി), ഷിബു തിരുവനന്തപുരം (നവോദയ), ഹകീം പാറക്കൽ (ഒ.ഐ.സി.സി), ഇസ്മായിൽ മുണ്ടക്കുളം, സുബൈർ വട്ടോളി (കെ.എം.സിസി), റഹീം ഒതുക്കുങ്ങൽ (പ്രവാസി വെൽഫെയർ), കബീർ കൊണ്ടോട്ടി (മീഡിയ ഫോറം), നിസാം മമ്പാട്, സലിം മമ്പാട്, നിസാം പാപ്പറ്റ, ഷഫീഖ് പട്ടാമ്പി (സിഫ്), മുൻ സിഫ് ഭാരവാഹികളായ ഹിഫ്സുറഹ്മാൻ, നാസർ ശാന്തപുരം, സലാഹ് കാരാടൻ, കെ.ടി.എ മുനീർ, സക്കീർ ഹുസൈൻ എടവണ്ണ, വാസു ഹംദാൻ, ബഷീർ പരുത്തിക്കുന്നൻ, അലി തേക്കുതോട്, ബീരാൻ കോയിസ്സൻ, അൻവർ വടക്കാങ്ങര, മുജീബ് മൂത്തേടത്, ഫസലുള്ള വെല്ലുവമ്പാലി, മുഹമ്മദലി പട്ടാമ്പി, എൻ.കെ അബ്ദുൽ റഹീം, കെ.എം അനീസ്, ഇബ്രാഹിം ശംനാട് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
കളി വീക്ഷിക്കാനെത്തിയവർ--ചിത്രങ്ങൾ- വി.പി. സമീർ തുവ്വൂർ
ഷഫീഖ് പട്ടാമ്പി, കെ.സി ശരീഫ്, ഇസ്ഹാഖ്, അഷ്ഫർ, നിഷാദ്, യൂസഫലി കൂട്ടിൽ തുടങ്ങിയവർ മത്സരങ്ങളുടെ ടെക്നിക്കൽ കാര്യങ്ങൾ നിയന്ത്രിച്ചു. ഹാരിസ് ബാബു, സൈനുൽ ആബിദീൻ, സനോജ് അലി എന്നിവർ മെഡിക്കൽ സഹായങ്ങൾ നൽകി. ഇ.കെ നൗഷാദ്, മുനീർ ഇബ്രാഹിം, അബ്ദുസ്സുബ്ഹാൻ, മുഹമ്മദ് അബ്ഷീർ, നാസർ കപ്രക്കാടൻ, ഫഹദ്, നിസാർ ബേപ്പൂർ, ശിഹാബ്, നജ്മൽ, അജ്മൽ ഗഫൂർ, ഫാസിൽ തയ്യിൽ, ചെറിയ മുഹമ്മദ് ആലുങ്ങൽ, പി.കെ സിറാജ്, ആദിൽ അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

