ഗൾഫ്-ഇസ്രായേൽ പ്രതിരോധ സഖ്യം ചർച്ച ചെയ്തിട്ടില്ലെന്ന് സൗദി
text_fieldsവിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ
റിയാദ്: ഗൾഫ്-ഇസ്രായേൽ പ്രതിരോധ സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും ഉച്ചകോടിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി. ശനിയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ ജിദ്ദയിൽ നടന്ന സുരക്ഷ-വികസന ഉച്ചകോടിക്ക് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമീർ ഫൈസൽ ബിൻ ഫർഹാൻ. എല്ലാ വിമാനകമ്പനികൾക്കും തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കാനുള്ള റിയാദിന്റെ തീരുമാനത്തിന് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധമില്ലെന്നും തുടർനടപടികളുടെ മുന്നോടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും ലോകരാജ്യങ്ങൾക്കിടയിൽ കണ്ണിമുറിയാത്ത വ്യോമഗതാഗതം സാധ്യമാക്കുന്നതിനുള്ള താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണ് സൗദി വ്യോമപാത തുറന്നുകൊടുത്തത്. ഇത് ഏതെങ്കിലും തീരുമാനങ്ങളുടെ ഒരു തരത്തിലുമുള്ള തുടർനടപടികളുടെ മുന്നോടിയല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ജിദ്ദ ഉച്ചകോടിയിൽ ഏതെങ്കിലും തരത്തിലുള്ള സൈനികമോ അല്ലെങ്കിൽ സാങ്കേതികമോ ആയ സഹകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയോ നിർദേശിക്കുകയോ ചെയ്തിട്ടില്ല. ഇറാൻ വിഷയത്തിൽ സൗദി മുൻകൈയെടുക്കുകയും തെഹ്റാനുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അവ ഫലങ്ങളൊന്നും കണ്ടിട്ടില്ലെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ കൂട്ടിച്ചേർത്തു.
യുദ്ധത്തിൽ തകർന്ന യമനിൽ സമഗ്രമായ വെടിനിർത്തൽ കരാറിലെത്താൻ സൗദിയുടെ പരിശ്രമം തുടരുകയാണ്. ഇറാൻ പിന്തുണയുള്ള ഹൂതി സായുധസംഘം യമൻ ജനതയുടെ താൽപര്യം സമാധാനത്തിലും സ്ഥിരതയിലുമാണെന്നും മനസ്സിലാക്കണം. യമനിൽ സംഘർഷം നിലനിൽക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇറാന്റെ ആയുധങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എണ്ണ ഉൽപാദനത്തെ സംബന്ധിച്ചിടത്തോളം, ഒപെക് പ്ലസ് രാജ്യങ്ങളുടെ വിപണി ആവശ്യങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയിൽ എണ്ണ ഉൽപാദനം സംബന്ധിച്ച വിഷയം ചർച്ച ചെയ്തിട്ടില്ല. യു.എസുമായുള്ള സൗദി അറേബ്യയുടെ പങ്കാളിത്തത്തെ കേന്ദ്രീകരിച്ചായിരുന്നു ഉച്ചകോടിയിലെ പ്രധാന ചർച്ചയെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

